കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി മുഖ്യമന്തി വി.ഡി.സതീശന്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നു പരാതിക്കാരനും ഐ.എന്‍.ടി.യു.സി നേതാവുമായ കടകംപള്ളി മനോജ്. അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതിനൊപ്പം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കുമെന്നും മനോജ് മനോരമ ന്യൂസിനോട്. സിബിഐ കണ്ടെത്തിയ 500 കോടിരൂപയുടെ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനടക്കമുള്ളവരാണ് പ്രതികള്‍.
സിബിഐ കേസില്‍ പ്രതികളായ കശുവണ്ടി വികസന കേര്‍പറേഷന്‍ മുന്‍ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരനേയും മുന്‍ എം.ഡി കെ.എ. രതീഷിനേയും വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ മൂന്നു തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. സിബിഐ നല്‍കിയ അപേക്ഷ മൂന്നു തവണയും എല്‍ഡിഎപ് സര്‍ക്കാര്‍ തള്ളി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കടകംപള്ളി മനോജ് തന്നെ കോടതിയെ സമീപിച്ചു. അഴിമതി നടന്നിട്ടില്ലെന്നായിരുന്നു അപ്പോള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ അറിയിച്ചത്. പിണറായി സര്‍ക്കാര്‍ മാറി യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയാണെന്ന് പരാതിക്കാരന്‍ കടകംപള്ളി മനോജ്. 18 വര്‍ഷമായി കേസിന്‍റെ പിന്നാലെ നിന്ന കടകംപള്ളി മനോജിന്‍റെ നടത്തമാണ് ഒടുവില്‍ സി.ബി.ഐ കണ്ടെത്തലിലേക്ക് നയിച്ചത്. റിസള്‍ട്ട് ഉണ്ടാകുന്നതുവരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.