അയർലന്‍റിൽ നടന്ന സ്റ്റേജ് പരിപാടിയിലെ മിമിക്രിക്കിടെ കേരള മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ചുവെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് മഹേഷ് കുഞ്ഞുമോന്‍.  "സാർ" എന്നോ "മുഖ്യമന്ത്രി" എന്നോ ചേർക്കാതെ വിഡി സതീശന്‍ എന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് മഹേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും, താൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സ്റ്റേജ് പരിപാടിക്കിടെ ഞാൻ ശ്രീ. വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു.  Led wall picture വരാതെ അല്പം  സമയം എടുത്തപ്പോ  എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ "VD Satheesan" എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ "സാർ" എന്നോ "മുഖ്യമന്ത്രി" എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്.

എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി.

എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ.

അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ' – മഹേഷ് കുഞ്ഞുമോന്‍ കുറിച്ചു.  

ENGLISH SUMMARY:

Mahesh Kunjumon has responded to the cyberattacks against him on social media following a mimicry performance in Ireland where he allegedly insulted Kerala Chief Minister VD Satheesan. He clarified that he called out "VD Satheesan" for a technical reason related to the LED wall display, not to show disrespect.