ക്ഷേത്ര ഭരണം രാഷ്ട്രീയ മുക്തമാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി കേരള ക്ഷേത്ര സംരക്ഷണ സമിതി. ഇത് സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ക്ഷേത്ര സംരക്ഷണ സമിതിയും കക്ഷി ചേരും. ഭരണം ഭക്തരെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരില്‍ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന സംഘപരിവാറിന്‍റെ കാലങ്ങളായുള്ള ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും വിശ്വാസികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ക്ഷേത്ര സംരക്ഷണസമിതി കക്ഷി ചേരും.
കോഴിക്കോട് നടക്കുന്ന 60ആം സംസ്ഥാന സമ്മേളനത്തില്‍ ക്ഷേത്ര ഭരണം ഭക്തരെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഭരണം ഭക്തരെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണത്തില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും അഴിമതികള്‍ക്ക് ശബരിമല ഉള്‍പ്പടെ ഉദാഹരണങ്ങള്‍ മുന്നിലുണ്ടെന്നും ക്ഷേത്ര സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.