കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ മൗദ്ഗിലും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഒടുവില്‍ മധ്യസ്ഥനെ ഇറക്കിയിരിക്കുകയാണ് സുപ്രീംകോടതി. മറ്റാരുമല്ല, സുപ്രീംകോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് കുര്യന്‍ ജോസഫാണ് മധ്യസ്ഥന്‍. കർണാടക കേഡറിലെ വനിതാ ഉദ്യോഗസ്ഥരായ രോഹിണിയും രൂപയും തമ്മിൽ വർഷങ്ങളായി തുടരുന്ന വാക്പോരിലും സമൂഹമാധ്യമങ്ങളിലെ ചെളിവാരിയെറിയലിലും പിന്നീടുള്ള അപകീർത്തിക്കേസിലും പരിഹാരമുണ്ടാക്കാനാണ് സുപ്രീംകോടതി മധ്യസ്ഥനെ നിയമിച്ചത്. തുടർച്ചയായ നിയമപോരാട്ടങ്ങളിലൂടെ ഈ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതം തകർക്കുകയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി മധ്യസ്ഥനായി കുര്യന്‍ ജോസഫിനെ നിയോഗിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എന്താണ് തര്‍ക്കം ?
2023ൽ രോഹിണി സിന്ധൂരിക്കെതിരെ ഡി.രൂപ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ ചില ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരി തന്റെ സ്വകാര്യ ചിത്രങ്ങൾ സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തു എന്ന് ആരോപിച്ചായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ മൗദ്ഗിൽ ഫെയ്സ്ബുക്കിൽ ചില പോസ്റ്റുകൾ പങ്കുവച്ചത്. സാമ്പത്തിക ആരോപണം, ഇരുവരും ജോലി ചെയ്ത സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍, എന്നിവയടക്കം പരസ്പരം ആരോപണം ഉന്നയിച്ചു.
സമൂഹമാധ്യമ പോസ്റ്റിനെതിരെ രോഹിണി അപകീര്‍ത്തികേസ് നല്‍കി. പിന്നീട് കോടതിയുടെ ഇടപെടലില്‍ ഈ പോസ്റ്റുകള്‍ രൂപ നീക്കം ചെയ്തു. ഇതോടെ കേസും ഇല്ലാതായി. എന്നാല്‍ രോഹിണി തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡി.രൂപ മറ്റൊരു അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ഇതോടെ തര്‍ക്കം വീണ്ടും രൂക്ഷമായി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രോഹിണി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടെയാണ് കേസ് വീണ്ടും സുപ്രീംകോടതിയിലെത്തിയത്. തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി മുന്‍പ് സമയം അനുവദിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെയാണ്, സുപ്രീംകോടതി നേരിട്ട് മുന്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനായി നിയമിച്ചിരിക്കുന്നത്. വിഷയം വൻ വിവാദമായതിനെ തുടർന്ന് കർണാടക സർക്കാർ രണ്ടുപേരെയും അന്ന് പദവികളിൽ നിന്ന് നീക്കിയിരുന്നു. കര്‍ണാടക നിയമസഭയില്‍ വരെ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു.
അവസാനമില്ലാത്ത നിയമപോരാട്ടങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ ഭാവി തകര്‍ക്കുകയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഏറെ നാള്‍ നീണ്ടുനിൽക്കുന്ന കോടതി നടപടികൾക്ക് പകരം മധ്യസ്ഥതയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ മൗദ്ഗിലും ജസ്റ്റിസ് കുര്യന്‍ ജോസഫിന് മുന്നില്‍ ഹാജരാകണം. മധ്യസ്ഥ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ, ഇരുവരും പരസ്പരം നൽകിയ അപകീര്‍ത്തി കേസുകളിലെ തുടനടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.