Image Credit: instagram/neenakurupofficial
നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ AMMAയില്‍ നടി നീന കുറുപ്പിന്‍റെ പരാതി. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതി. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്‍റെ പരാതിയില്‍ പറയുന്നു.
നടി അന്‍സിബയും ഇന്നലെ ടിനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം ടിനിയാണെന്നും അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.
താന്‍ ജിഹാദിയാണെന്നും പലരെയും മതംമാറ്റി ഇസ്‌ലാമാക്കാന്‍ ശ്രമിക്കുന്നുവെന്നും പലതാരങ്ങളെയും ചേര്‍ത്ത് തന്‍റെ പേരില്‍ അവിഹിത കഥകള്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് നടക്കുന്ന ആളോട് അറപ്പ് തോന്നുന്നുവെന്നും ഒപ്പം ജോലി ചെയ്യാന്‍ തന്നെ പറ്റില്ലെന്നും അന്‍സിബ പറഞ്ഞു.
താരസംഘടനയില്‍ വലിയ പൊട്ടിത്തെറിക്കാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍ വഴിവച്ചത്. പരാതിയുണ്ടെങ്കില്‍ പൊതുവിടത്തില്‍ അല്ല പറയേണ്ടതെന്നും ടിനിയെ താറടിച്ച് കാണിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു നടി പ്രിയങ്കയുടെ പ്രതികരണം. പരാതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പ്രസിഡന്‍റ് ശ്വേത മേനോന്‍റെ പ്രതികരണം. എന്നാല്‍ താന്‍ സംഘടനയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു പ്രസിഡന്‍റിന്‍റെ നിലപാടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്‍സിബ വ്യക്തമാക്കി. അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചിരുന്നു.