പറവൂരില്‍ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച കണ്ടക്ടറെ കെഎസ്ആര്‍ടിസി സസ്പെൻഡ് ചെയ്തു. ഇന്നലെ ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിലായിരുന്നു സംഭവം. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടതിന് പിന്നാലെയാണ് നടപടി. പ്രിയദര്‍ശിനി പദ്ധതി തകര്‍ക്കാനുള്ള നീക്കമാണെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ ആരോപിച്ചു

 

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിക്കേറ്റത് ക്രൂര അപമാനം

 

കൊച്ചി പറവൂരില്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കേറ്റത് ക്രൂരമായ അധിക്ഷേപം. മുടിവെട്ടിയതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ കുട്ടിക്ക് സൗജന്യയാത്ര നിഷേധിക്കുകയായിരുന്നു. എല്ലാരെയും വിളിച്ച് കാണിച്ചുകൊടുത്തിട്ട് ‘ഇവളെ കണ്ടിട്ട് പെൺകുട്ടിയായി തോന്നുന്നുണ്ടോ... നീ പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ പറ്റില്ലാലോ... നെറ്റിയിൽ ഒട്ടിച്ചുവച്ചോ’ എന്ന് പറഞ്ഞ് കണ്ടക്ടര്‍ അപമാനിച്ചതായി വിദ്യാര്‍ഥിനി പറഞ്ഞു.

 

Also read: 'നീ പെണ്ണാണെന്ന് അറിയാൻ ഡ്രസ്സ് ഊരി നോക്കാൻ പറ്റില്ലല്ലോ’


സ്കൂള്‍ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു വിദ്യാര്‍ഥിനി. നേരത്തെ ഒരു തീര്‍ഥാടനത്തിന്‍റെ ഭാഗമായി പെണ്‍കുട്ടി തല മൊട്ടയടിച്ചിരുന്നു. മുടി പൂർണ്ണമായും വളർന്നിരുന്നില്ല. തുടര്‍ന്നാണ് കണ്ടക്ടര്‍ സൗജന്യയാത്ര നൽകാൻ കഴിയില്ലെന്നും പറഞ്ഞ് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ടിക്കറ്റ് അടിച്ചപ്പോള്‍ കൂട്ടുകാർ തന്നെ കണ്ടക്ടറോട് ഇത് പെൺകുട്ടിയാണെന്ന് കണ്ടക്ടറോട് പറഞ്ഞെന്നും എന്നാല്‍ ‘ഞങ്ങൾക്ക് തോന്നണില്ല... ഞാൻ ടിക്കറ്റ് അടിച്ചിട്ടുണ്ടെങ്കിൽ എനിക്ക് ആ പൈസ വേണം’ എന്ന് കണ്ടക്ടര്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പറയുന്നു. കയ്യിൽ പൈസ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങിക്കോളാന്‍ പറഞ്ഞു. തുടര്‍ന്ന് താൻ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോളായിരുന്നു ആക്ഷേപവും പരിഹാസവും.

 

‘ബസിന്‍റെ പിറകില്‍ ഇരിക്കുന്നവരെയെല്ലാം വിളിച്ചിട്ട് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു ‘ഇവളെ കണ്ടിട്ട് പെൺകുട്ടിയായിട്ട് തോന്നുന്നുണ്ടോ? എനിക്ക് എന്തായാലും തോന്നണില്ല’. എല്ലാവരും ചിരിക്കാൻ തുടങ്ങി. ഇയാളും ഭയങ്കര ചിരി തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി പറഞ്ഞു ‘ചേട്ടൻ എന്തിനാ അങ്ങനെയൊക്കെ ഒരു പെൺകുട്ടിയെ പറയണേ’ എന്ന്. എന്തായാലും ഡ്രസ്സ് ഊരി ഒന്ന് നോക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. നിന്റെ നെഞ്ചത്ത് എഴുതി ഒട്ടിച്ചുവയ്ക്കണം എന്നും പറഞ്ഞു’– വിദ്യാര്‍ഥിനി പറയുന്നു. കണ്ടക്ടര്‍ മാത്രമല്ല, ഡ്രൈവറും ബസില്‍ നിന്നിറങ്ങി ചീത്ത പറയാൻ വന്നെന്നും യാത്രക്കാരില്‍ ചിലരും തല്ലാൻ വന്നെന്നും മോശമായി രീതിയില്‍ സംസാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

 

സംഭവം വാര്‍ത്തയാകുകയും പലകോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടു. തുടര്‍ന്നാണ് കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തത്. 

 

ENGLISH SUMMARY:

Student abuse on a Kerala KSRTC bus led to the suspension of a conductor after a Plus Two student was insulted and denied free travel. The incident on the Priyadarshini bus route in Paravur prompted intervention from the Chief Minister, highlighting concerns about student safety and gender discrimination.