‘അമ്മ’യില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് അമ്മ മുൻ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍. സംഘടനയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. മുന്‍പ് ഒരു എക്സിക്യുട്ടീവ് അംഗം തനിക്കെതിരെ പൊലീസില്‍ വ്യാജപരാതി നല്‍കി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ മൂന്നു മണിക്കൂറാണ് ഹരാസ്മെന്റ് നേരിട്ടത്. അന്ന് ഈ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് താന്‍ സംഘടനയില്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംഘടനക്ക് ഒന്നും ചെയ്യാനില്ലെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതു പോലത്തെ ഊളകേസുകളൊന്നും ഇവിടെ എടുക്കില്ലെന്ന് നടന്‍ ടിനി ടോമും ആക്ഷേപിച്ചു. അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും അന്‍സിബ മാധ്യമങ്ങളോടു വെട്ടിത്തുറന്ന് പറഞ്ഞു.
അമ്മയിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോമാണെന്നും താരം പറഞ്ഞു. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോമെന്ന് അന്‍സിബ പറയുന്നു.
Also Read: ‘ഞാന്‍ ഷോമാനല്ല, പ്രവര്‍ത്തിക്കുന്നയാള്‍’; അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം
'ടിനി ടോം എന്നെപ്പറ്റി മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും എന്നോടല്ല പറയുന്നത്, മറ്റ് പലരോടും പറഞ്ഞ്, അവർ വഴി എന്റെ ചെവിയിലെത്തുന്നതാണ്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ. അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം. ഇതിനെക്കാൽ എന്നെ വേദനിപ്പിച്ചത് ഞാൻ പലരെയും മതം മാറ്റി ഇസ്ലാമാക്കാൻ നോക്കുന്നുവെന്ന ടിനി ടോമിന്റെ വാക്കുകളാണ്. ഞാന്‍ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത്. ഇങ്ങനെ പറയുന്ന ആളോടൊക്കെ അറപ്പ് തോന്നും. കൂടെ ജോലി ചെയ്യാൻ പോലും പറ്റില്ല.
നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്. പല വിഷയങ്ങളിലും എനിക്ക് എതിരഭിപ്രായങ്ങളും മറ്റും ഉണ്ടാകും. അതുകൊണ്ടാണോ ഇങ്ങനെയൊക്കെ പറഞ്ഞുപരത്തുന്നത്. ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. വ്യക്തിഹത്യയുടെ ലിമിറ്റെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു. ' - അന്‍സിബ ഹസൻ വ്യക്തമാക്കുന്നു.
ഇതിനിെട അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയുമായാണ് അൻസിബയുടെ ആരോപണത്തെ ടിനി ടോം നേരിട്ടത്. അമ്മയിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്നു. ആരോടും മോശമായി ഇടപെട്ടിട്ടില്ല. സംഘടനക്കുള്ളിലെ പ്രശ്നം സംഘടനക്കുള്ളിൽ തീർക്കണം. പരാതി നൽകിയത് അറിഞ്ഞിട്ടില്ല. താന്‍ പറഞ്ഞെന്ന് മറ്റാരോ പറഞ്ഞുവെന്നാണ് അന്‍സിബയുടെ ആരോപണം. താന്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഷോമാനല്ലെന്നും ടിനി ടോം പറഞ്ഞു. ഉള്ളത് പറയുന്ന തുറന്ന പുസ്തകമാണ് ഞാന്‍ . എന്തുവേണമെന്ന് ‘അമ്മ’ കമ്മിറ്റി തീരുമാനിക്കുമെന്നും ടിനി ടോം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ടിനിക്കൊപ്പമെന്ന് നടി പ്രിയങ്ക പ്രതികരിച്ചു. തെറ്റ് ചെയ്യാത്തയാളെ ശിക്ഷിക്കാന്‍ അനുവദിക്കില്ല. എന്തുണ്ടെങ്കിലും അന്‍സിബ അമ്മയ്ക്കുള്ളില്‍ പറയണം . പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
എന്നാല്‍ ടിനി ടോമിനെതിരെ അന്‍സിബ ഇതുവരെ പരാതി തന്നിട്ടില്ലെന്നായിരുന്നു ശ്വേതമേനോന്റെ പ്രതികരണം. പരാതി കിട്ടിയത് ഇന്നാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് പരാതി മെയില്‍ ചെയ്യുകയായിരുന്നെന്നും ശ്വേത മാധ്യമങ്ങളോടു പറഞ്ഞു.
വിവാദങ്ങൾക്കൊടുവിലാണ് താര സംഘടനയെ നയിക്കാൻ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരത്തിലേറിയത്. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വേണമെന്ന ആവശ്യം താര സംഘടനക്കുള്ളിൽ ശക്തമാണ്