അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റാന്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നു. ആദ്യമായി മലയാളി വേരുകള്ളുള്ള ഒരാള്‍ ബഹിരാകാശ നിലയത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ 14ന് ഡോ. അനില്‍ മേനോന്‍ റഷ്യയുടെ സോയൂസ് എം.എസ്–29 പേടകത്തിലേറി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.
മലയാളി പാരമ്പര്യത്തിൽ നിന്ന് നാസയിലേക്ക്
ഒറ്റപ്പാലം സ്വദേശി ശങ്കരമേനോന്‍റെയും യുക്രെയ്ന്‍കാരിയായ എലിസബത്തിന്‍റെയും മകനായി ജനനം. അമേരിക്കയിലെ മിനിയപ്പലിസില്‍ ജനിച്ചും വളർന്നും വന്ന അദ്ദേഹം വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, സൈനികസേവനം, ബഹിരാകാശ ചികില്‍സാ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഹാര്‍വഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാന്‍ഫഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സും മെഡിക്കൽ ബിരുദവും നേടി.
ഡോക്ടറിൽ നിന്ന് ബഹിരാകാശ സഞ്ചാരിയിലേക്ക്
എമർജൻസി മെഡിസിൻ ഡോക്ടറായിരുന്ന അനിൽ മേനോൻ, 2010-ലെ ഹെയ്തി ഭൂകമ്പം, 2015-ലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുഎസ് എയർഫോഴ്സിലും പിന്നീട് സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജൻ ആയി സേവനം അനുഷ്ഠിച്ചു. നൂറിലധികം സൈനിക വിമാന ദൗത്യങ്ങളിലും മെഡിക്കൽ എയർലിഫ്റ്റ് പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.
സ്പേസ് എക്‌സിന്‍റെ ആദ്യ ഫ്ലൈറ്റ് സർജൻ
അനിൽ മേനോന്‍റെ ജീവിതത്തിലെ ഒരു പ്ലോട്ട് ട്വിസ്റ്റ് സംഭവിക്കുന്നത് സ്പേസ് എക്സില്‍ ചേര്‍ന്നതോടെയാണ്. കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച അദ്ദേഹം, 2020-ലെ ചരിത്രപ്രസിദ്ധമായ Demo-2 മനുഷ്യ ബഹിരാകാശ ദൗത്യത്തിന്‍റെ മെഡിക്കൽ പിന്തുണാ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള മെഡിക്കൽ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
നാസയുടെ പുതിയ തലമുറ ബഹിരാകാശ സഞ്ചാരി
2021-ൽ നാസയുടെ ആസ്ട്രോണോട്ട് ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനിൽ മേനോൻ, രണ്ട് വർഷത്തെ കഠിന പരിശീലനത്തിന് ശേഷം 2024-ൽ ഔദ്യോഗികമായി ബഹിരാകാശ സഞ്ചാരിയായി യോഗ്യത നേടി. ഇതിനുമുമ്പ് നാസയുടെ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച അദ്ദേഹം, നിരവധി ISS ദൗത്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകിയിട്ടുണ്ട്.
എട്ട് മാസം നീളുന്ന ദൗത്യം
സോയൂസ് MS-29 ദൗത്യത്തിൽ റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ഡുബ്രോവും അന്ന കിക്കിനയും അനിൽ മേനോനൊപ്പമുണ്ടാകും. ഏകദേശം എട്ട് മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന സംഘം ശാസ്ത്രപരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ, ഭാവിയിലെ ചന്ദ്ര-ചൊവ്വ മനുഷ്യദൗത്യങ്ങൾക്ക് ആവശ്യമായ പഠനങ്ങൾ എന്നിവ നടത്തും. മൈക്രോ ഗ്രാവിറ്റിയില്‍ സഞ്ചാരികളുടെ രക്തയോട്ടം, സിരകളുടെ ഘടന, രക്തത്തിന്‍റെ ഘടന എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് അനില്‍ മേനോന്‍റെ നേതൃത്വത്തില്‍ വിശകലനം ചെയ്യും. നിലയത്തിലെ ശുദ്ധജലം ഉപയോഗിച്ച് സിരകളിലേക്ക് കുത്തിവയ്ക്കാനുള്ള ദ്രാവകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കും. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായങ്ങള്‍ ഒഴിവാക്കാനാകുന്ന നിര്‍മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും അനില്‍ നടത്തും.
ഭാര്യ ആദ്യം ബഹിരാകാശത്തേക്ക്..പിന്നാലെ ഭര്‍ത്താവും
അനില്‍ മേനോന്‍റെ ബഹിരാകാശ ജീവിതത്തിലെ മറ്റൊരു കൗതുകകരമായ കാര്യം അദ്ദേഹത്തിന്‍റെ ജീവിത പങ്കാളിയും ബഹിരാകാശ യാത്രികയാണ്. സ്പേസ് എക്സില്‍ എന്‍ജിനീയറായിരുന്ന അന്ന 2024ല്‍ ബഹിരാകാശ യാത്ര നടത്തിയിരുന്നു. 2025ല്‍ നാസയുടെ ആസ്ട്രോണറ്റ് ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട് അന്ന.
മലയാളികൾക്ക് അഭിമാന നിമിഷം
വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, സൈനികസേവനം, ബഹിരാകാശ ഗവേഷണം എന്നിവയെ ഒരുമിച്ച് കൂട്ടിയ അനിൽ മേനോന്‍റെ ജീവിതയാത്ര പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണ്. മലയാളിവേരുകളുള്ള ഒരു ശാസ്ത്രജ്ഞൻ ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ പ്രതിനിധിയായി ഭൂമിയിൽ നിന്ന് 400 കിലോമീറ്ററിലധികം ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ, അത് കേരളത്തിന്‍റെ അഭിമാനവും വാനോളം ഉയര്‍ത്തുകയാണ്.