TAGS

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി സോന മരിക്കാൻ കാരണം ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്ക് പൊലീസ്. കാർ കത്തിയതിൽ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക ഘട്ട അന്വേഷണത്തിൽ മനസിലായത്. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടർന്ന് മനംനൊന്ത് സോന അത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

ഭർത്താവ് രജിൻ ലാലിന്‍റെ ചെയ്തികളിൽ മനം മടുത്ത സോന വലിയ വിഷമത്തിലായിരുന്നു. മരിക്കുന്ന ദിവസവും അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേ ദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പൊട്രോൾ വാങ്ങിയത് ആത്മഹത്യക്കായിരുന്നുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. 

വെളളിയാഴ്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽ നിന്ന് രജിൻ ലാലിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴി കൈയിൽ കരുതിയിരുന്ന പൊട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്രോൾ വാങ്ങിയ വിവരം ലഭിച്ചത്. 

60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്‍റെ മൊഴിലും കാറിനുള്ളിൽ പെട്രോളിന്‍റെ ഗന്ധമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്താണെന്ന് ചോദിക്കുമ്പോഴേക്കും തീ പടർന്നുവെന്നാണ് ഇയാളുടെ മൊഴി. സോനയും രജിന്‍ ലാലും തമ്മിലുള്ള പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.