കേരളം ഏറെ കാത്തിരുന്ന തീരുമാനം, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും തെലങ്കാനയിലും നേരത്തെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നുണ്ട്. കേരളം കൂടാതെ എട്ടോളം സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ലഭിക്കുന്നുണ്ട്.

ഡല്‍ഹി

ഡല്‍ഹിയാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയത്. 2020 തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി 2019 ഒക്ടോബറിലാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പിങ്ക് ടിക്കറ്റ് സ്കീം നടപ്പാക്കിയത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഡൽഹി ഇപ്പോൾ പിങ്ക് സഹേലി സ്മാർട്ട് കാർഡുകള്‍ നല്‍കുന്നുണ്ട്. ജൂലൈ മുതല്‍ സൗജന്യ യാത്രയ്ക്ക് ഇവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

തമിഴ്നാട്

2021 ലാണ് തമിഴ്‌നാട് സർക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'വിദ്യാൽ പയനം' എന്ന പദ്ധതി  ആരംഭിച്ചത്. സര്‍ക്കാറിന്‍റെ ഓര്‍ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. മലയോര മേഖലകളിൽ താമസിക്കുന്ന ഭിന്നശേഷിക്കാർക്കും അവർക്കൊപ്പം പോകുന്ന സഹായികൾക്കും ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. സൗജന്യ യാത്ര നടപ്പാക്കാന്‍ സര്‍ക്കാര്‍ 4000 കോടി രൂപയാണ് ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ നീക്കി വച്ചത്. തമിഴ്‌നാട്ടിൽ പദ്ധതി നടപ്പിലാക്കിയതോടെ സ്ത്രീ യാത്രക്കാരുടെ ശതമാനം 40 ശതമാനത്തിൽ നിന്ന് 61 ശതമാനമായി ഗണ്യമായി ഉയർന്നു. 

കര്‍ണാടക

2023 ജൂണിലാണ് കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ "ശക്തി" പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. 

കര്‍ണാടകയില്‍ ശക്തി സ്കീം പ്രകാരം സൗജന്യ ബസ് യാത്ര ലഭിക്കാന്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഇവര്‍‌ക്ക് ശക്തി സ്മാര്‍ട് കാര്‍ഡ് ലഭിക്കും. രണ്ടര വര്‍ഷത്തിനിടെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിങ്ങനെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകള്‍ 'ശക്തി പദ്ധതി'ക്കായി 17,647.5 കോടി രൂപയാണ് ചെലവാക്കിയത്. ഇതില്‍ 13,073 കോടി രൂപ സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. 

പഞ്ചാബ് 

2021 ഏപ്രിലിൽ പഞ്ചാബും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അവതരിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ആനുകൂല്യം ലഭിക്കാൻ സ്ത്രീകൾക്ക് ആധാർ അല്ലെങ്കിൽ വോട്ടർ കാർഡുകൾ പോലുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീ യാത്രക്കാര്‍ ആധാർ കാർഡ്, വോട്ടർ കാർഡ്, അല്ലെങ്കിൽ പഞ്ചാബിലെ താമസിക്കുന്നതിന്‍റെ മറ്റേതെങ്കിലും രേഖകൾ നൽകണം. 

തെലങ്കാന 

2023 ഡിസംബറിലാണ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ യാത്രക്കാർക്കും തെലങ്കാനയിലുടനീളം ഡീലക്സ്, സൂപ്പർ ലക്ഷ്വറി ബസുകൾ ഒഴികെ നോൺ-എസി സ്റ്റേറ്റ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. തെലങ്കാനയില്‍ താമസിക്കുന്നു എന്നുള്ള തിരിച്ചറിയല്‍ രേഖയാണ് ഇതിന് ആവശ്യം. പദ്ധതി ആരംഭിച്ച ശേഷം സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾ യാത്രാ ചെലവിൽ മൊത്തം 10000 കോടി രൂപ ലാഭിച്ചതായാണ് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഔദ്യോഗിക കണക്ക്. 

ജമ്മു കശ്മീർ

ജമ്മു കശ്മീർ സർക്കാർ സ്മാർട്ട് സിറ്റി ഇ-ബസുകളിലും ജമ്മു കശ്മീർ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ നല്‍കുന്നുണ്ട്. 2025 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച പദ്ധതിയുടെ ആനുകൂല്യം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. 

ആന്ധ്രാപ്രദേശ് 

2025 ഓഗസ്റ്റിലാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സ്ത്രീ ശക്തി സൗജന്യ ബസ് പദ്ധതി അവതരിപ്പിച്ചത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പല്ലെവെലുഗു, അൾട്രാ പല്ലെവെലുഗു, സിറ്റി ഓർഡിനറി, എക്സ്പ്രസ്, മെട്രോ എക്സ്പ്രസ് എന്നി വിഭാഗം ബസുകളില്‍ സൗജന്യ യാത്ര ലഭിക്കും. സൗജന്യ യാത്ര ലഭിക്കാന്‍ സ്ത്രീകള്‍ ആന്ധ്രയിലാണ് താമസിക്കുന്നത് എന്ന രേഖ കാണിക്കണം. 

പശ്ചിമബംഗാള്‍ 

തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ബംഗാളില്‍ സൗജന്യ യാത്ര ലഭിക്കും. 

ENGLISH SUMMARY:

In its very first cabinet meeting, the newly formed V.D. Satheesan government in Kerala fulfilled a major poll promise by approving free travel for women in KSRTC buses, set to launch on June 15. With this decision, Kerala joins eight other Indian states and union territories, including Delhi, Punjab, and West Bengal, that offer free public bus transit for women. Southern states like Tamil Nadu, Karnataka, and Telangana have already witnessed massive success with their respective schemes, significantly expanding female ridership and reducing travel expenses for households. While some states like Telangana require residential proof, others like Delhi and Karnataka are moving toward mandated smart cards for hassle-free tracking and implementation.