പ്രിയദര്‍ശിനി പദ്ധതി കെഎസ്ആര്‍ടിസിക്ക് വരുമാന മാര്‍ഗമാകുന്നു. സീറോ ടിക്കറ്റുകള്‍ക്കൊപ്പം മറ്റു യാത്രക്കാരുടെ എണ്ണവും കൂടിയതോടെ കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വര്‍ധന. കോഴിക്കോട്ടെ പ്രധാന ഡിപ്പോയില്‍ ദിവസവും രണ്ടര ലക്ഷം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

പ്രിയദര്‍ശിനി കോര്‍പ്പറേഷനെ കടക്കെണിയുടെ നിലയില്ലാ ആഴങ്ങളിലേക്ക് തള്ളിയിടുമെന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണു കണക്കുകള്‍. പദ്ധതി നടപ്പിലാക്കി ആദ്യമാസത്തില്‍ തന്നെ കോഴിക്കോട്ടെ ഡിപ്പോകളില്‍ വരുമാന വര്‍ധനുണ്ടായി. കുടുംബമായെത്തുന്ന യാത്രക്കാര്‍ കൂടി. യാത്രക്കായി ചെറുവാഹനങ്ങളും മറ്റും ഉപയോഗിച്ചിരുന്നവരും ബസുകളിലേക്കു മാറി. പുതിയ സ്ഥിരം യാത്രക്കാരെയും കിട്ടി.

ജില്ലയില്‍ 154 പ്രിയദര്‍ശിനി സര്‍വീസാണ് നിലവില്‍ നടത്തുന്നത്. മുന്‍പ് ശരാശരി ദിവസവും എഴുപത്തിയ്യായിരം യാത്രക്കാരെന്നതു പദ്ധതി തുടങ്ങിയതോടെ ഒരുലക്ഷത്തി ഇരുപത്തിഒന്നായിരമായി ഉയര്‍ന്നു. ഒപ്പം വരുമാനവും കൂടി. ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട സര്‍വീസുകളിലും ആളുകള്‍ കൂടിയെന്നതും പ്രത്യേകതയാണ്.