മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് എലത്തൂര്‍ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍. അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വ്യാജ വാട്സാപ്പ് കോള്‍ വന്നത്. എംഎല്‍എയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. 

വയനാട് എംപിയുടെ ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോള്‍ വന്നത്. 3 കോടി രൂപ നല്‍കിയാല്‍ മന്ത്രിസ്ഥാനം ഉറപ്പെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ എംഎല്‍എ, പണം നല്‍കി മന്ത്രിയാക്കുന്നതെങ്ങനെയെന്ന് തിരിച്ചുചോദിച്ചു. അതെങ്ങനെ നടപ്പാക്കുമെന്നും തട്ടിപ്പുകാര്‍ വിശദീകരിച്ചുനല്‍കി. ഇംഗ്ലീഷിലായിരുന്നു സംസാരം. പ്രിയങ്കാഗാന്ധി എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്. 

സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി സൈബര്‍ സെല്ലിന് കൈമാറി. വാട്സാപ്പ് കോള്‍ ചെയ്ത നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കി. 

ENGLISH SUMMARY:

A Kerala MLA from Elathur was offered a ministerial position for a bribe of three crore rupees through a fake WhatsApp call originating from Delhi. The incident, which was reportedly conducted in English and claimed to be from a Lok Sabha MP's office, has led to a cyber cell investigation following the MLA's complaint.