താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതു വയസുകാരന്‍റെ  വിരലിന്‍റെ ചലനശേഷി നഷ്ടമായതായി പരാതി. കോഴിക്കോട് കൊയിലാണ്ടി  കന്നൂര്‍ സ്വദേശി സനല്‍രാജാണ്  ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.  മകന്‍റെ കൈവിരലിലെ മുറിവിന് ചികിത്സ തേടിയ ശേഷം ചലന ശേഷി ഇല്ലാതായെന്നാണ് പരാതി.

കുപ്പിച്ചില്ല് കൊണ്ടു കൈവിരല്‍ മുറിഞ്ഞ് സനല്‍രാജിന്‍റെ ഒന്‍പത് വയസുള്ള മകന്‍ ഫെബ്രുവരി 15നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിരലിലെ മുറിവില്‍ തുന്നലിട്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ ഞെരമ്പ് മുറിഞ്ഞത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടില്ല. ഒരുമാസത്തിനുശേഷമാണ് വിരലിന്റെ ചലന ശേഷി ഇല്ലാതായെന്നു കുടുംബം മനസിലാക്കിയത്. 

ചലനശേഷി നഷ്ടമായ  കുട്ടിയെ മെഡിക്കല്‍ കോളജില്‍ കാണിച്ചതോടെയാണ് ഞരമ്പ് മുറിഞ്ഞതാണെന്ന് കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ നിന്ന് 38 തുന്നലുകളാണ് കുട്ടിയ്ക്കിട്ടത്. മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയതിനുശേഷം  ഫിസിയോ തെറാപ്പി ചെയ്യണം. നേരത്തെ ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായതാണ് ഈ ഒമ്പതുവയുകാരന്‍. പരാതി പരിശോധിച്ചുവരികയാണെന്ന് കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു.

ENGLISH SUMMARY:

A complaint has been filed regarding the loss of finger movement in a nine-year-old boy who sought treatment at a Taluk hospital. The incident, involving a cut from broken glass, resulted in nerve damage that was allegedly missed by doctors, leading to permanent disability.