കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്  ബസുകളില്‍ ഒന്നിന്റെ കൂടി ഷാസി പൊട്ടി. ഇതോടെ സര്‍വീസും മുടങ്ങി. കണ്ണൂര്‍ ഡിപ്പോയുടെ കണ്ണൂര്‍–പുതുച്ചേരി സര്‍വീസ് നടത്തുന്ന കെ.എല്‍.15 എ.2380 ബസിന്റെ ഷാസിയാണ് ചൊവ്വാഴ്ച പൊട്ടിയത്. തുടര്‍ന്നു ബസ് സര്‍വീസ് നിര്‍ത്തി. 2022 ഏപ്രില്‍ 2 നു റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ഏപ്രില്‍ 2028 വരെ ഫിറ്റ്നസുള്ള കേവലം നാലുകൊല്ലവും മൂന്നുമാസവും മാത്രം പഴക്കമുള്ള ബസിന്റെ ഷാസിയാണ് തകര്‍ന്നത്.

 

ഷാസി പ്രശ്നം നേരത്തെയും: ആന്റണി രാജു മന്ത്രിയായിരുന്ന കാലത്താണ് ലെയ‌്‌ലാന്‍ഡ് കമ്പനിയുടെ ടിവിഎസ് നിര്‍മിത ബോഡിയുള്ള ബസുകള്‍ സ്വിഫ്റ്റിനായി വാങ്ങിക്കൂട്ടിയത്. സ്വിഫ്റ്റ് കമ്പനിക്കു കീഴില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് ഈ ബസുകള്‍ ഉപയോഗിച്ചിരുന്നത്. ഈ സീരിസില്‍പെട്ട 10–ാമത്തെ ബസിന്റെ ഷാസിയാണ് പൊട്ടിയത്.

 

ചെയ്സ് പൊട്ടിയത് മറച്ചുവെക്കാന്‍ ശ്രമം: കണ്ണൂര്‍ –പുതുച്ചേരി സര്‍വീസ് ബസിന്റെ  ബോഡിയും എന്‍ജിന്‍ നില്‍ക്കുന്ന ഷാസിയും തമ്മില്‍ ചേരുന്ന ഭാഗത്താണ് പൊട്ടലുണ്ടായത്. ഇതോടെ സര്‍വീസ് നടത്താന്‍ കഴിയാതെ മൂന്നുദിവസം കണ്ണൂര്‍ ഡിപ്പോയില്‍ പിടിച്ചിട്ടു. ഇന്നലെ രാത്രി ആരുമറിയാതെ കോഴിക്കോട്ടെ സെന്‍ട്രല്‍ ഡിപ്പോയിലെത്തിച്ചു. രാത്രി 11.30 യോടെയാണ് ബസ് അതീവ രഹസ്യമായി ഡിപ്പോയിലെത്തിച്ചത്. പെട്ടൊന്നു ശ്രദ്ധയില്‍പെടാത്ത രീതിയിലാണു ഡിപ്പോയില്‍ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. സംഭവം ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം. ബസുകളുടെ ഷാസിയാണ് അടിത്തറ. ബോഡി കെട്ടിപ്പൊക്കുന്നതും എന്‍ജിന്‍ സ്ഥാപിച്ചിരിക്കുന്നതും ഷാസിയിലാണ്. യു–ബോള്‍ട്ട് വഴിയാണു ബോഡിയും പ്ലാറ്റ് ഫോമും ഷാസിയില്‍ ബന്ധിപ്പിക്കുന്നത്. ഷാസിയിലെ ഏതെങ്കിലും നട്ടും ബോള്‍ട്ടിനും ചെറിയ ഇളക്കം തട്ടിയാല്‍ പോലും ബസിന്റെ സ്ഥിരതയെ പോലും ബാധിക്കും. വെല്‍ഡിങ് വഴിയോ മറ്റോ പരിഹരിക്കാനും സാധിക്കില്ല. ബോഡി ഇറക്കിവച്ചു ഷാസി മാറ്റിയാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ.     

 

പരാതി നേരത്തെയും നടപടികളുണ്ടായില്ല: സ്വിഫ്റ്റ് കമ്പനിക്കുവേണ്ടി വാങ്ങിയ ബസുകള്‍ക്കു വേണ്ടത്ര ഗുണനിലവാരമില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു കോവളം മുന്‍ എം.എല്‍.എ– എം.വിന്‍സന്റ് വര്‍ക്കിങ് പ്രസിഡന്റായിട്ടുള്ള കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പലതവണ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ബസുകളുടെ ഷാസി പൊട്ടുന്നത് ഗുണനിലവാരമില്ലായ്മയും അതീവ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നതാണന്നും പരാതികളില്‍ പറയുന്നു.

ഐ.ഐ.ടി വിദഗ്ധര്‍ ഉള്‍പെട്ട ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ച് ഈ കാലഘട്ടത്തില്‍ വാങ്ങിയ ബസുകളുടെ ഗുണനിലവാരം പരിശോധിക്കണെം. ഈ ബസുകള്‍ വാങ്ങുന്ന സമയത്ത് കെ.എസ്.ആര്‍.ടി.സി സി.എംഡിയായിരുന്ന ബിജുപ്രഭാകര്‍ ബസ് കമ്പനി പ്രതിനിധികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും ഇതും പരിശോധിക്കണം. ബസുകള്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണവുമായിരുന്നു നിവേദനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആന്റ്ണി രാജുവിനുശേഷം ഗതാഗതമന്ത്രിയായ കെ.ബി. ഗണേഷ് കുമാറടക്കം ആരും ഈ നിവേദനങ്ങള്‍ പരിഗണിക്കാന്‍ പോലും തയാറായില്ലന്നാണ് പരാതി. സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ട്രാന്‍പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ .

ENGLISH SUMMARY:

The chassis of another KSRTC Swift bus has broken, disrupting its service. The chassis of bus KL 15 A 2380, which operates the Kannur–Puducherry service from the Kannur depot, broke on Tuesday. Following the incident, the bus service was suspended. The bus was registered on April 2, 2022, and has a fitness certificate valid until April 2028. The chassis failure occurred despite the bus being only four years and three months old.