കേരളത്തിന്റെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന വിവരം പങ്കുവെച്ച്, ഇന്ന് വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമെടുത്ത സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. 

'20 മന്ത്രിമാരും നാളെ ചുമതല ഏറ്റെടുക്കും. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രിയപ്പെട്ടവരെല്ലാം ഒപ്പമുണ്ടാകണം. ജനാഭിലാഷങ്ങള്‍ ടീം യു.ഡി.എഫ് യാഥാര്‍ത്ഥ്യമാക്കും. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഠിനാധ്വാനം ചെയ്യും. നമുക്ക് ഒറ്റക്കെട്ടായി പുതുയുഗ കേരളത്തെ കെട്ടിപ്പടുക്കാം. മതേതര കേരളത്തിന് സ്‌നേഹാഭിവാദ്യങ്ങള്‍'. – വിഡി സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

വി.ഡി.സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും ചിത്രം ഏകദേശം വ്യക്തമായിട്ടുണ്ട്. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. 

 

കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു എന്നിവര്‍ക്ക് പുറമെ ഒ.ജെ.ജനീഷും കെ.എ.തുളസിയും മന്ത്രിമാരാകും. റോജി എം ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ് എന്നിവരും പട്ടികയിലുണ്ട്. 

 

മോൻസ് ജോസഫ് രണ്ടരവര്‍ഷത്തിനുശേഷം കെ.എ.തുളസിക്ക് പകരം ഐ.സി.ബാലകൃഷ്ണന് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. മാണി സി.കാപ്പനും അനൂപ് ജേക്കബും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യ ഊഴം അനൂപിനായിരിക്കും.

അഞ്ചുമന്ത്രിമാരെ ലീഗും പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, കെ.എം.ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിസഭയിലേക്ക്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോടിന്റെ പ്രതിനിധിയായി പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. 

ENGLISH SUMMARY:

VD Satheesan will be sworn in as the Chief Minister of Kerala tomorrow, sharing a selfie with journalists on Facebook after a press conference. The new 20-member cabinet will also take charge, fulfilling the aspirations of the people and working to implement election promises for a new era of Kerala.