മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ചശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് വിമാനത്താവളത്തിൽ സ്വീകരണം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, എം.ലിജു ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി. മുദ്രാവാക്യംവിളികളുമായി പ്രവര്‍ത്തകര്‍ കെ.സിയെ വരവേറ്റു. പീച്ചിച്ചീന്തിയത് മതിയായില്ലേയെന്നും കെ.സി. പക്ഷമെന്ന് വിളിക്കേണ്ട എന്നും കെസി വേണുഗോപാൽ പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ആശങ്കകളും എല്ലാം രമ്യമായി പരിഹരിക്കും. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മാനദണ്ഡങ്ങള്‍ നോക്കി നല്ല മന്ത്രിമാരുണ്ടാകുമെന്നും കെ.സി. മാധ്യമങ്ങളോടു പ്രതികരിച്ചു.
Also read: 'കെസിയെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം'; വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ
അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി കെ.സിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. മന്ത്രിസഭാ രൂപീകരണം ചര്‍ച്ചയായതായി സൂചനയുണ്ട് . ചെന്നിത്തല മന്ത്രിസഭയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ദീപ ദാസ്മുന്‍ഷി മനോരമ ന്യൂസിനോട് പറഞ്ഞു.കെ.സി. തന്റെ നേതാവാണെന്നും അതുകൊണ്ടാണ് കാണാന്‍ എത്തിയതെന്നും ദീപ ദാസ്മുന്‍ഷി പറഞ്ഞു
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം . കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ വരവേറ്റു. നിയുക്ത എംഎൽഎമാരായ മുഹമ്മദ് ഷിയാസും റോജി എം ജോണും തിരുവനന്തപുരത്തു നിന്നുള്ള യാത്രയിൽ വി.ഡി സതീശനൊപ്പമുണ്ടായിരുന്നു. ഹൈബി ഈഡൻ എംപിയും കൊച്ചി മേയർ വി.കെ മിനിമോളും ഉൾപ്പെടെയുള്ളവർ വി.ഡി സതീശനെ സ്വീകരിക്കാനുണ്ടായിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് വയലാർ രവിയെ സന്ദർശിച്ച ശേഷം വി.ഡി സതീശൻ നെട്ടൂരുള്ള തൻറെ തറവാട്ടുവീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു. നാളെ രാവിലെ 9 ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങും