കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു . കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു . ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു അപകടം.
രാത്രി ഒൻപത് മണിയോടെ ഇരുവരും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെ വയൽക്കരയിലുള്ള തോട്ടിൽ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. അപ്പോഴും വസ്ത്രം കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു . ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.