ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ.കെ.ജെ റീനയുടെ സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്ഥലംമാറ്റത്തിനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2026 ഫെബ്രുവരിയിൽ കെ.ജെ.റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് ഡി.എച്ച്.എസ് ആയി തുടർന്നത്. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി. അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടെ ആരോഗ്യ വകുപ്പ് ആസ്‌ഥാനത്ത് കസേരകളി . അഡ്മിനിസ്ട്രേറ്റീവ്  ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. കെ.ജെ റീനയെ ഡി.എച്ച്.എസ് കസേരയിലിക്കാൻ താല്കാലിക ചുമതലയുള്ള ഡോ വി. മീനാക്ഷി അനുവദിച്ചില്ല. അനിശ്ചിതത്വത്തേത്തുടർന്ന്  പകർച്ച വ്യാധി പ്രതിരോധത്തിന് നിശ്ചയിച്ചിരുന്ന യോഗം മുടങ്ങി. 

ഡിഎച്ച്എസ് ഓഫീസിലേക്ക് എത്തി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്  കൈമാറി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മുറിയിലേക്ക്  കയറിയപ്പോൾ പക്ഷേ  അവിടെ നേരത്തെയെത്തി   ഡോ വി . മീനാക്ഷി കസേരയില്‍ സ്ഥാനം പിടിച്ചിരുന്നു.  ട്രൈബ്യൂണൽ ഉത്തരവ്  ഉണ്ടെന്ന് ഡോ. റീന അറിയിച്ചെങ്കിലും മാറാൻ ഡോ.  മീനാക്ഷി തയ്യാറായില്ല. സർക്കാർ നിർദേശം  അനുസരിച്ചാണ് താൻ ഡി എച്ച് എസ് കസേരയിൽ തുടരുന്നത്  എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. തുടർന്ന് സമീപത്തെ കസേരയിൽ ഡോ റീനയും ഇരിപ്പുറപ്പിച്ചു. വൈകിട്ട് ഒാഫീസ് സമയം കഴിയുന്നതുവരെ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്നു.  

സ്ഥലംമാറ്റം സ്റ്റേ ചെയ്തട്രൈബ്യൂണൽ ഉത്തരവ്  അനുസരിച്ച് ഡോ.  റീനയ്ക്ക് രണ്ടാഴ്ച കൂടി തുടരാമെന്ന് ഇരിക്കെയാണ് ഉന്നത നിർദേശത്തേത്തുടർന്നുള്ള ഈ കസേര കളി .ഇതിനിടെ കസേര തർക്കത്തിൽ തട്ടി 2.30യ്ക്ക് നിശ്ചയിച്ചിരുന്ന  പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി. 

ENGLISH SUMMARY:

Kerala government has defended the transfer of Health Director Dr. K.J. Reena in the High Court, stating that her deputation period had already expired. Meanwhile, an administrative face-off between Dr. Reena and Dr. V. Meenakshi at the DHS office has disrupted crucial epidemic control meetings.