നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട് എന്നാണ് രാഹുൽ ഫെയ്ബുക്കിൽ കുറിച്ചത്.
'കഴിഞ്ഞ പത്ത് വർഷം ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികൾ, ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യർത്ഥിച്ച പ്രവർത്തകർ, അവരുടെ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം.
അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സർക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് വി ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നു. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്' - എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.