പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി ആര്‍ജെഡി നേതാവ് പി കെ അനിൽകുമാറിന്റെ ഭാര്യ. കൽപ്പറ്റ എല്‍ഡിഎഫ് സ്ഥാനാർഥിയും ആര്‍ജെഡി നേതാവുമായ പി കെ അനിൽകുമാറിനെതിരെയാണ് ഭാര്യ മഞ്ജുള മധുസൂദനൻ പരാതി നല്‍കിയത്.
ഇന്നലെ വൈകിട്ടാണ് മഞ്ജുള മേപ്പാടി പൊലീസില്‍ പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിനെതിരെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് പി.കെ അനില്‍കുമാര്‍. പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്തു. തന്റെ 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതിയ്ക്കു പിന്നിൽ സൗന്ദര്യ പിണക്കമാണെന്നും തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ തെറ്റിദ്ധാരണയാണെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. കുറച്ചു പണം ഭാര്യയില്‍ നിന്നും വാങ്ങിച്ചെന്നു സമ്മതിച്ച അനില്‍കുമാര്‍ ഈ പ്രശ്നം പറഞ്ഞു തീര്‍ക്കാവുന്നതേയുള്ളൂവെന്നും പറയുന്നു. ശാരീരികവും മാനസികവായും പീഡിപ്പിച്ചെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതി നല്‍കാനായി കെട്ടിച്ചമച്ചതാണെന്നും അനില്‍കുമാര്‍ പറയുന്നു.