ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകികളെ പിടികൂടാന്‍ അന്വേഷണസംഘത്തെ സഹായിച്ചത് പ്രതികളുടെ ഓണ്‍ലൈന്‍ പണമിടപാട്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്‍റ് ചന്ദ്രനാഥ് രഥിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. പശ്മിചബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിലൂടെ വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മയങ്ക് മമിശ്ര എന്നിവരാണ് പിടിയിലായത്. കൊൽക്കത്തയ്ക്ക് സമീപമുള്ള ബാലി ടോൾ പ്ലാസയിൽ പ്രതികൾ നടത്തിയ യുപിഐ  പേയ്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലയാളികളിലേക്ക് പോലീസിനെ എത്തിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ വടക്കൻ 24 പർഗാനാസിലെ മധ്യംഗ്രാമിലുള്ള തന്‍റെ വീടിന് 200 മീറ്റർ മാത്രം അകലെ വെച്ചാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. തന്‍റെ മഹീന്ദ്ര സ്കോർപിയോ കാറിൽ സഞ്ചരിക്കുകയായിരുന്ന രഥിനെ ഒരു നിസാൻ മൈക്ര കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തുകയും തുടർന്ന് ബൈക്കിലെത്തിയ സംഘം വെടിവയ്ക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ  മറ്റൊരു ചുവന്ന കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു.

യുപിഐ ഇടപാട് നൽകിയ സൂചന

ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതീകള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും ടോള്‍ നല്‍കാന്‍ യുപിഐ ഉപയോഗിച്ചതായി തിരിച്ചറിയുകയും ചെയ്തതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. അറസ്റ്റിലായ മൂവരും വാടകക്കൊലയാളികളാണെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കാറും രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. ഇവയെല്ലാം മോഷ്ടിച്ചതാണെന്നും കാറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. ഭവാനിപ്പൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതിലുള്ള രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നും തന്‍റെ പഴ്സണല്‍ അസിസ്റ്റന്‍റ് ആയതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ബംഗാള്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസമാണ് തന്റെ മകന്‍റെ ജീവനെടുത്തതെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ് ഹസിറാണി രഥും ആരോപിച്ചു. പ്രതികളെ ഇന്ന് ബരാസത്ത് കോടതിയിൽ ഹാജരാക്കും.

ENGLISH SUMMARY:

Online payment records were instrumental in apprehending the murderers of the Bengal Chief Minister's aide. The investigation team utilized the suspects' online transaction history to crack the case, leading to the arrest of three individuals