തൃശൂരില്‍ കെ.സി വേണുഗോപാലിന്‍റെ ഫ്ലക്സ് വച്ച സിപിഎം പ്രവര്‍ത്തകന്‍റെ രസകരമായ ശബ്ദസന്ദേശം പുറത്ത്. ക്യാമറ കേടാണെന്ന് കരുതിയാണ് ഫ്ലെക്സ് വച്ചതെന്നും പുതിയത് കണ്ടില്ലെന്നുമാണ് വാടാനപ്പള്ളി സ്വദേശി മുഹമ്മദ് അരവശേരിയുടെ വിശദീകരണം. പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയ്ക്ക് മുഹമ്മദ് നല്‍കുന്ന മറുപടിയാണ് ശബ്ദസന്ദേശം.
കോണ്‍ഗ്രസില്‍ വിപ്ലവം വരാന്‍ ചെയ്തതാണെന്നും മുഹമ്മദ് പറയുന്നു. 'ഞാന്‍ ബോര്‍ഡ് വച്ചത് എന്‍റെ പ്രസ്ഥാനത്തോട് ഏറ്റവും എതിരുള്ള പ്രസ്ഥാനത്തിന്‍റേതാണ്. വാടനപള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആളുണ്ട്. നേതാക്കന്മാര്‍ക്ക് എതിരെ നിരന്തരം പോസ്റ്റിടുന്ന ആളുകളുണ്ട്. ഞാനത്തരം തരംതാണ കാര്യം ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ ദേഷ്യമുള്ള കോണ്‍ഗ്രസില്‍ വിപ്ലവമുണ്ടാക്കാന്‍ ചെയ്തതാണ്' എന്നിങ്ങനെയാണ് മുഹമ്മദിന്‍റെ വാക്കുകള്‍.
ക്യാമറയുള്ള കാര്യം താന്‍ അറിഞ്ഞില്ലെന്നും ക്യാമറ കേടായിരുന്നു എന്ന ധാരണയിലാണ് ചെയ്തതെന്നു മുഹമ്മദ് വിശദീകരിക്കുന്നു. 'മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ക്യാമറ വന്നത് തോന്നുന്നു. ക്യാമറ കേടാണെന്നാണ് അറിഞ്ഞത്. ആ ധൈര്യത്തിലാണ് ചെയ്തത്' മുഹമ്മദ് പറഞ്ഞു. ഒരുപാട് പേരുടെ മെസേജ് കണ്ടെന്നും ആര്‍ക്കെങ്കിലും ചൊറിയാന്‍ നിര്‍ബന്ധമുണ്ടെങ്കില്‍ നേരിട്ട് വന്ന് സംസാരിക്കാമെന്നും മുഹമ്മദ് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
സേവ് കോൺഗ്രസിന്‍റെ പേരിലാണ് മുഹമ്മദ് ഫ്ലക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രിയായി കെ.സി വരട്ടെയെന്നായിരുന്നു ബോർഡിന്‍റെ വാചകം. ഇയാളുടെ ഭാര്യ സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയംഗമാണ്. സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസില്‍ പരാതി നൽകിയിരുന്നു. നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലക്സുകള്‍ നീക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു വാടാനപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ പ്രകോപനപരമായ നടപടി.