ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിന് മുന്നറിയിപ്പുമായി എ.പത്മകുമാർ. തനിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്താല്‍ ചിലത് വെളിപ്പെടുത്താനുണ്ടെന്ന് പത്മകുമാര്‍. രജിസ്റ്ററിൽ ചെമ്പുപാളി എന്നെഴുതിയത് തന്റെ കയ്യക്ഷരമല്ലെന്നും എല്ലാം തുറന്നെഴുതുമെന്നും ഭീഷണി. പത്മകുമാറിനെതിരെ നടപടി തീരുമാനിക്കുന്ന ജില്ലാ കമ്മിറ്റി നാളെ ചേരാനിരിക്കെയാണ് മുന്നറിയിപ്പ്.

അടുത്ത സുഹൃത്തുക്കളോടായിരുന്നു പത്മകുമാറിന്‍റെ പ്രതികരണം. സ്വർണക്കൊള്ളയിൽ അടക്കം ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന തന്നെയും എഡിജിപി എസ്.ശ്രീജിത്തിനെയും ആസൂത്രിതമായി മാറ്റിയ ശേഷമാണ് ശബരിമല ക്ഷേത്രത്തിൽ യുവതികളെ പ്രവേശിപ്പിച്ചതെന്നും പത്മകുമാര്‍ പറഞ്ഞതായാണ് വിവരം. എല്ലാം വിശദമായി പറയുന്ന പുസ്തകം എഴുതുന്നതായും സൂചനയുണ്ട്.

കോന്നി മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമായ പത്മകുമാര്‍ നവംബര്‍ 20നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണംകവര്‍ന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍ നിന്നും സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്.

നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് പത്മകുമാര്‍ ജാമ്യത്തിലിറങ്ങിയത്. പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാതിരുന്നതില്‍ വലിയ അമര്‍ഷം അണികളും ഉയര്‍ത്തിയിരുന്നു. ഒടുവിലാണ് പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങിയത്. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കാണ് ചുമതല. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദ്ദേശം. അടുത്തിടെ പത്മകുമാർ പാർട്ടി അംഗത്വം പുതുക്കുകയും ചെയ്തു. എന്നാല്‍ നടപടി പരാമര്‍ശിക്കാതെ പറ്റില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു.

ENGLISH SUMMARY:

Former Travancore Devaswom Board President and ex-Konni MLA A. Padmakumar has issued a stark warning to the CPM leadership just ahead of a crucial party meeting scheduled to decide on disciplinary action against him. Padmakumar reportedly confided in close associates that he will expose explosive secrets regarding the Sabarimala temple affairs if the party proceeds with severe punitive measures. The veteran leader, who spent three and a half months in jail before securing bail, strongly denied making falsified entries in the temple logs, asserting that the handwriting labeling gold as copper plates was not his. He further alleged that a deeper conspiracy was at play, claiming that he and former ADGP S. Sreejith were deliberately removed from their positions to facilitate the controversial entry of women into Sabarimala. The warning comes on the eve of the CPM Pathanamthitta District Committee meeting, which was directed by the State Committee to finalize action due to mounting pressure from grassroots party workers. Despite the gravity of the gold and idol theft allegations involving prime accused Unnikrishnan Potty, Padmakumar had recently renewed his party membership, but he is now reportedly preparing to document his version of the events in an upcoming tell-all book.