ഗ്യാസിന് വില കൂടിയതോടെ വിറകടുപ്പിലേക്ക് മാറിയ പാലക്കാട്ടെ ഹോട്ടൽ മേഖലയിൽ ഇരട്ടി പ്രഹരമായി വിറകിന്‍റെ വില വർധന. ഒരു മാസത്തിനിടെ ഇരട്ടിയിൽ അധികമാണ് വിറകിന് വിലകൂടിയത്. ഗ്യാസ് പ്രതിസന്ധിയിലും ഭക്ഷണത്തിന് വിലകൂട്ടാതെ പിടിച്ചുനിന്ന ഹോട്ടൽ ഉടമകൾ കടുത്ത ആശങ്കയിലാണ്.

കുഴൽമന്ദത്തെ അമൃതാസ് ഹോട്ടലിൽ ചായയ്ക്ക് പത്തുരൂപയേ ഉള്ളൂ. സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തുന്ന തൊഴിലാളികളെ കരുതിയാണ് ഗ്യാസ് പ്രതിസന്ധിക്ക് ഇടയിലും വില കൂട്ടാതിരുന്നത്. എന്നാൽ ഗ്യാസിന് വിലകൂടി അത് തീരെ കിട്ടാതായതോടെ പാചകം പൂർണമായും വിറകടുപ്പിലേക്ക് മാറി. അപ്പോൾ ഇതാ വിറകിന് കുത്തനെ വില കൂടുകയാണ്. ഒരു ടൺ വിറകിന് ഒൻപതിനായിരം രൂപ വരെ എത്തി. അതായത് ഒരു മാസം മുൻപ് ഉണ്ടായിരുന്നതിന്‍റെ ഇരട്ടി വില. ഇനിയിപ്പോൾ പത്ത് രൂപ ചായയുടെ കാര്യത്തിൽ ഒരു ഉറപ്പ് പറയാൻ പറ്റില്ല. 

വിറകടുപ്പിലെ കരിയും പുകയും കാരണം പല ഹോട്ടലുകാരും പാചകം നേരത്തെയാക്കുന്നുണ്ട്. ജോലി സമയം നീണ്ടാൽ തൊഴിലാളികൾക്ക് കൂലിയും കൂട്ടി നൽകേണ്ടിവരും. വിറകിന്‍റെ വിലവച്ച് നോക്കുമ്പോൾ ഹോട്ടൽ നടത്തിപ്പ് നഷ്ടക്കച്ചവടമാണെന്ന് ഉടമകൾ പറയുന്നു. ഭരണമാറ്റത്തിന്‍റെ അനിശ്ചിതത്വവും വില പിടിച്ചു നിർത്താൻ നടപടി ഇല്ലാത്തതും ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

Palakkad Hotels Face Double Blow: Firewood Prices Surge Amidst Gas Crisis:

Palakkad hotel crisis intensifies as firewood prices double after gas price hikes, forcing businesses to shift to traditional cooking methods. Hotel owners are now facing a double blow, struggling to maintain affordable prices for their customers amidst rising operational costs