Untitled design - 1

പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായുണ്ടായ ജനവിധിയെ അംഗീകരിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. പരാജയത്തിന്റെ കാരണങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ഇടതുപക്ഷത്തിന് മുന്നേറേണ്ടതുണ്ടെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വലിയ പ്രതിസന്ധി ഘട്ടത്തിലും പേരാവൂരിൽ ഇടതുപക്ഷത്തിന് വോട്ട് നൽകിയ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പേരാവൂരില്‍ വിജയിച്ച അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും ശൈലജ കുറിച്ചു.  

അനർഹമായ ഒരു പരാജയമാണെന്ന് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറ്റിയറ്റംഗം എം സ്വരാജിന്‍റെ പ്രതികരണം. കനത്ത പരാജയമാണ് എൽഡിഎഫിന് സംഭവിച്ചത്. യുഡിഎഫിന് മികച്ച വിജയവും നേടാനായി. എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ലെന്നാണ് സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുണ്ടായത്. നിലവില്‍ 102 സീറ്റുകളിലാണ് യുഡഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, തിരുവമ്പാടിയില്‍ സി.കെ.കാസിം, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പന്‍ കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചുകയറിയത്. 

26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്. 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. ആലത്തൂരില്‍ 8553 വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്. 6741 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലിന്‍റോ ജോസഫിനെതിരെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി കാസിം നേടിയത്. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ജയം ഉറപ്പിച്ചു. 29386 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ യു.ആര്‍.പ്രദീപിന്‍റെ ജയം.

ENGLISH SUMMARY:

UDF has achieved a significant victory in the Kerala elections, reflecting a strong mandate in their favor. The LDF acknowledges this outcome and aims to learn from the reasons behind their defeat to progress further in future political endeavors.