jyothikumar-chamakkala-win-pathanapuram-defeats-ganeshkumar

'ആരെടാ നീ'യെന്ന് ചോദിച്ചാല്‍ സംയമനത്തോടെ 'ഞാനൊന്നും കേട്ടില്ലേ'... എന്ന് പറഞ്ഞ് നടന്ന് പോകില്ല. നീയാരാ എന്ന് തിരിച്ചു ചോദിക്കും...പറഞ്ഞുവരുന്നത് പത്തനാപുരത്തിന്‍റെ പുതിയ എംഎല്‍എയെ കുറിച്ചാണ്. ജ്യോതികുമാര്‍ ചാമക്കാല. കിട്ടിയതൊന്നും തിരിച്ചു കൊടുക്കാതെ പോകാറില്ലെന്നത് ജീവിതത്തിലെ ശീലം. പത്തനാപുരത്തും അയാള്‍ ആ ശീലം മാറ്റിയില്ല. മത്സരിച്ച് തോറ്റിട്ടും നിര്‍ത്തിയില്ല. അവിടെ നിന്ന് വീണ്ടും അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. നാട്ടുകാരുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം കൂടി. കല്യാണവും ചാക്കാലയും മുഖ്യതൊഴിലെന്ന് എതിരാളി അവഹേളിച്ചപ്പോള്‍ അതൊരഭിമാനമായി കണ്ടു. പ്രവര്‍ത്തിച്ചു. ഒടുവില്‍ ജനവിശ്വാസവും നേടി.

വഴിതെറ്റി രാഷ്ട്രീയത്തിലെത്തിയയാളൊന്നുമല്ല ജ്യോതികുമാര്‍. 1981ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്‌യു അംഗമായി. തിരഞ്ഞെടുപ്പില്‍ ജയിച്ച് സ്കൂള്‍ പാര്‍ലമെന്‍റിലെത്തി. പിന്നെ അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജിലെ കെഎസ്‌യു ഭാരവാഹിയായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത് വിദ്യാഭ്യാസം മറന്നായിരുന്നില്ല. തിരുവനന്തപുരം എംജി കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടിയ ജ്യോതികുമാര്‍ ചിക്കമംഗളൂരു എഐടി കോളജില്‍ നിന്നും എന്‍ജിനീയറിങ് ബിരുദവും സ്വന്തമാക്കി. 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 2007 മുതല്‍ 2012 വരെയും അദ്ദേഹം പ്രവര്‍ത്തിച്ചു. 2012ലാണ് കെപിസിസിയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്. 2012 മുതല്‍ 2020 വരെ കെപിസിസി സെക്രട്ടറിയായിരുന്നു അദ്ദേഹം. 2020 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. കെപിസിസി സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ കേരള സര്‍വകലാശാല സെനറ്റ് അംഗമായും (2010 മുതല്‍), അതിന് ശേഷം 2011 മുതല്‍ 2018 വരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഇടത് സര്‍വാധിപത്യത്തിലും സര്‍വകലാശാലാ വേദികളില്‍ കോണ്‍ഗ്രസിന്‍റെ ശബ്ദമായിരുന്നു ജ്യോതികുമാര്‍.

ടെലിവിഷന്‍ ചര്‍ച്ചകളിലെ വസ്തുതാപരമായ ഇടപെടലുകളായിരുന്നു ജ്യോതികുമാറിനെ പൊതുജനമധ്യത്തില്‍ സമ്മതനാക്കി മാറ്റിയത്. വസ്തുതകള്‍ പഠിച്ച് പറയും. ആരോപണങ്ങളെ ആധികാരികമായി ഖണ്ഡിക്കും. എന്നിട്ടും മതിയായില്ലെങ്കില്‍ രേഖകള്‍ ഉദ്ധരിച്ച് സമര്‍ഥിക്കും. എന്നിട്ടും തൃപ്തരാകാത്ത എതിരാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ഭാഷയില്‍ തിരിച്ചടിയും നല്‍കും. ലാവലിനിലും സോളറിലും സ്വര്‍ണക്കടത്തിലുമെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ ജ്യോതികുമാര്‍ കത്തിക്കയറിയപ്പോള്‍ ചര്‍ച്ചകളിലും തീപാറി.

ഉപതിരഞ്ഞെടുപ്പായാലും പൊതുതിരഞ്ഞെടുപ്പായാലും തിരഞ്ഞെടുപ്പ് ഓര്‍ഗനൈസറായി പാര്‍ട്ടി ഫോറങ്ങളില്‍ നിറഞ്ഞുനിന്നു. പ്രചാരണരംഗത്തെ ചടുലമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഒരിടത്തും ചാമക്കാലയ്ക്ക് പിഴച്ചതുമില്ല, പഴികേട്ടതുമില്ല. പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചപ്പോഴും ഉറപ്പുള്ള സീറ്റിനുവേണ്ടി സംഘടനാതലത്തില്‍ വാശിപിടിച്ചില്ല. തിരിച്ചുപിടിക്കല്‍ എളുപ്പമല്ലെന്ന് ഉറപ്പായിരുന്നിട്ടും മത്സരിച്ച് തോറ്റിട്ടും പത്തനാപുരം തന്നെ മതിയെന്ന് നിശ്ചയിച്ചു. അവിടെ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു. ഒടുവില്‍ അതിന് ഫലവുമുണ്ടായി.

കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി നിന്നയാളെ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നുകരുതി പത്തനാപുരം ഒരു പ്രഖ്യാപിത ഇടത് മണ്ഡലമൊന്നുമല്ല. കാല്‍നൂറ്റാണ്ട് മണ്ഡലം വാണയാള്‍ രണ്ടുവട്ടം യുഡിഎഫുകാരനായാണ് ജയിച്ചത്. ആ തഴമ്പില്‍ മൂന്നുവട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ചു. എന്നുകരുതി തിരിച്ചുപിടിക്കുക എന്നത് അപ്രാപ്യമൊന്നുമല്ല. പ്രവര്‍ത്തകര്‍ക്കൊപ്പം ഉറച്ചുനിന്നു. പ്രവര്‍ത്തിച്ചു. ജയിച്ചു. വിജയത്തോടുള്ള ജ്യോതികുമാറിന്‍റെ പ്രതികരണം അതാണ്.

ENGLISH SUMMARY:

In a massive political upset, Congress leader Jyothikumar Chamakkala has won the Pathanapuram constituency, putting an end to the 25-year dominance of K.B. Ganesh Kumar. Chamakkala, who lost the previous election but chose to remain rooted in the constituency for the last five years, saw his persistence pay off as the electorate favored his constant presence. Known for his sharp debating skills and reliance on facts in television discussions, he successfully countered his opponent's long-standing influence with grassroots-level work. Ganesh Kumar, who had represented the seat since 2001 under both UDF and LDF banners, finally succumbed to a strong anti-incumbency wave and Chamakkala’s organized campaign. An engineer by education and a seasoned politician from his KSU days, Chamakkala’s entry into the Assembly is seen as a reward for his loyalty to the party and the people of Pathanapuram. This victory is one of the most celebrated highlights for the UDF in the 2026 elections, marking a significant shift in Kollam's political landscape.