vp-abdul-rasheed-vs-pinarayi-vijayan-dharmadam

സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ ധര്‍മടത്ത് ഇക്കുറി എല്‍ഡിഎഫിന്‍റെ ക്യാപ്റ്റന്‍ നേരിട്ടത് കനത്ത മല്‍സരം. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലം, സാക്ഷാല്‍ പിണറായി വിജയനെ നേരിടാന്‍ യുഡിഎഫ് രംഗത്തിറക്കിയത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ. 2021–ല്‍ സിപിഎം കോട്ടയായ തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍റെ ഭൂരിപക്ഷം പകുതിയോളം കുറച്ച വി.പി.അബ്ദുള്‍ റഷീദിനെ. കോണ്‍ഗ്രസിനും യുഡിഎഫിനും തെറ്റിയില്ല, മുന്‍പെങ്ങുമില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കുറി ധര്‍മ്മടം സാക്ഷ്യം വഹിച്ചത്. ആദ്യ അഞ്ചു റൗണ്ടുകളില്‍ വോട്ടെണ്ണുമ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ പിന്നില്‍!

കെ.സുധാകരൻ മുതൽ ഷാഫി പറമ്പിൽ വരെ, പിണറായി വിജയന്‍റെ തേരോട്ടം തടയാന്‍ കോണ്‍ഗ്രസ് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒടുവില്‍ നറുക്ക് വീണത്  അബ്ദുല്‍ റഷീദിനാണ്. തളിപ്പറമ്പില്‍ റഷീദ് വിണ്ടും മല്‍സരത്തിനിറങ്ങുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും, സിപിഎം വിമതന്‍ ടി.കെ.ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ ആ സാധ്യത ഇല്ലാതായി. തളിപ്പറമ്പില്‍ അന്ന് തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടിയ റഷീദ് ഇത്തവണ ധര്‍മ്മടത്തും പോരാട്ടം ആവര്‍ത്തിച്ചു.  

അബ്ദുള്‍ റഷീദിനെ ആദ്യം അവഗണച്ച സിപിഎമ്മും സിഎമ്മും പിന്നീട് മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍  നിന്നും വ്യത്യസ്തമായി കൂടുതല്‍ തവണ ധര്‍മ്മടത്തെത്തി പ്രചാരണം നടത്തി. പ്രാദേശിക കൺവെൻഷനുകൾ പൂർത്തിയാക്കിയശേഷം മറ്റു മണ്ഡലങ്ങിളിലേക്ക് പ്രചാരണത്തിനായി പോയ മുഖ്യമന്ത്രി  വീണ്ടും ധര്‍മ്മടത്തെത്തിയത് രാഷ്ട്രീയ കൗതുകമായിരുന്നു. സ്ഥാനാര്‍ഥി അല്പം ലേറ്റായിട്ടാണ് വന്നതെങ്കിലും പെട്ടെന്ന് കളം പിടിക്കാന്‍ യുഡിഎഫിനായി.  

50,123 വോട്ടായിരുന്നു 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍റെ ഭൂരിപക്ഷം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് കുത്തനെ കുറച്ചുകൊണ്ടുവരാന്‍ യുഡിഎഫിനായി. കെ.സുധാകരനും എം.വി. ജയരാജനും മത്സരിച്ച 2024-ലെ തിരഞ്ഞെടുപ്പിൽ 2616 വോട്ട് മാത്രമാണ് മണ്ഡലത്തിൽ എൽഡിഎഫിന്‍റെ ലീഡ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള തിരഞ്ഞെടുപ്പാണെങ്കിലും ഇത് യുഡിഎഫിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.ആ കരുത്തില്‍ തന്നെയായിരുന്നു വി.പി.അബ്ദുല്‍ റഷീദിന്‍റെ പോരാട്ടവും.ഒടുവില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭൂരിപക്ഷം 19247 വോട്ടാണ്. 2021 ല്‍ ഇത് 50,123 ആയിരുന്നു! ജയിക്കാനായില്ലെങ്കിലും ജയത്തോളം പോന്ന നേട്ടമാണ് കണ്ണൂരിലെ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കുറി സ്വന്തമാക്കിയതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. 

ENGLISH SUMMARY:

In a hard-fought battle in the LDF's impregnable fortress of Dharmadam, Chief Minister Pinarayi Vijayan secured victory but with a drastically reduced majority. Youth Congress leader V.P. Abdul Rasheed emerged as a formidable challenger, even leading the Chief Minister in the first six rounds of counting—a scenario previously deemed impossible. Compared to his 2021 victory margin of 50,123 votes, Vijayan’s lead plummeted to 19,247 votes, reflecting a significant shift in local voter sentiment. Rasheed, who earned the reputation of a 'giant killer' by slashing M.V. Govindan’s majority in Taliparamba in 2021, replicated his high-voltage performance in Dharmadam. The intense competition forced the Chief Minister to deviate from his state-wide campaign and focus more heavily on his home turf towards the end of the race. While the "Captain" managed to retain his seat, Rasheed’s performance is being hailed as a moral victory for the UDF, signaling a crack in the CPM’s red corridor in Kannur.