തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിനു പിന്നാലെ സംസ്ഥാനരാഷ്ട്രീയം ഉറ്റുനോക്കുന്നത് ആരാകും മുഖ്യമന്ത്രിപദത്തിലേക്കെത്തുക എന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന്റെ സാധ്യത തള്ളാതെ കെ.പി.സിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എം.എല്‍.എ.
അല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ആയിക്കൂട എന്നുണ്ടോ എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എം.എല്‍.എ മാരുടെ അഭിപ്രായം തേടുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ് ദാസ്മുന്‍ഷി പറഞ്ഞു. എം.എല്‍.എമാര്‍ ആകാത്തവര്‍ മുഖ്യമന്ത്രി ആകരുതെന്ന് നിയമമില്ലെന്നും ദീപ ദാസ്മുന്‍ഷി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കമെന്നു വി.ഡി സതീശന്‍ പറഞ്ഞു. ആ ചര്‍ച്ചയിലേക്ക് പോകേണ്ട. യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയ മാതൃകയാണ് ടീം യുഡിഎഫ്. മതേതരനിലപാടിന് ലഭിച്ച അംഗീകാരമാണ് ഇൗ ജയം. ഉത്തമ കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്തു. നൂറിലധികം സീറ്റെന്ന് പറഞ്ഞപ്പോള്‍ എന്നെ ആക്ഷേപിച്ചു. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമായിരുന്നു. പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ഞങ്ങള്‍ നിറയ്ക്കും. ജനങ്ങളുടെ പ്രതീക്ഷകള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും വി.ഡി പറഞ്ഞു.
ടീം യു.ഡി.എഫിന്റെ ജയമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് ചരിത്ര ജയമാണ് നേടിയത്. ഇനിയുള്ള കാര്യങ്ങള്‍ യു.ഡി.എഫ് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടത് കോട്ടകളുടെ അടിത്തറയിളക്കി കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ തേരോട്ടം. 102 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്‍റെ ഭരണ സാരഥ്യത്തിലേക്ക് യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടങ്ങളിലും സാമൂഹ്യ ജനവിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ച് കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസും സഖ്യകക്ഷികളും കുതിച്ചപ്പോള്‍ 13 മന്ത്രിമാരുള്‍പ്പെടേ ഇടത് മുന്നണിയിലെ വമ്പന്മാരെല്ലാം മൂക്കുംകുത്തി വീണു. പ്രതീക്ഷകള്‍ക്കും, കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തുള്ള കൊടുങ്കാറ്റ്.
കോട്ടകൊത്തളങ്ങളെപ്പോലും കടപുഴക്കിയുള്ള ജനമുന്നേറ്റമാണുണ്ടായത്. കേരളത്തിന്‍റെ ജനവിധിയെ രണ്ട് വാചകങ്ങളില്‍ ഇങ്ങനെ സംഗ്രഹിക്കാം. മലബാറെന്നോ, മധ്യമകേരളമെന്നോ തിരുവിതാംകൂറെന്നോ വിത്യാസമില്ലാതെ, ന്യൂനപക്ഷ മേഖലയെന്ന ഭൂരിപക്ഷ പ്രദേശങ്ങളെന്നും ഭേദമില്ലാതെ, കേരള ജനത ഒറ്റ മനസ്സോടെ നടത്തിയ വിധിയെഴുത്ത്. അതാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കണ്ടത്. വടക്കേ മലബാറിലെ പാര്‍ട്ടി കോട്ടകളില്‍ ഇടത് മുന്നണക്കുണ്ടായത് അമ്പരപ്പിക്കുന്ന പരാജയമാണ്. ഒരിക്കലും ഇളകാത്ത പയ്യന്നൂരും, തളിപ്പറമ്പും പാര്‍ട്ടി വിമതര്‍ കീഴകടക്കി.
തൃക്കരിപ്പൂരും, ഉദുമയും കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ കടപുഴകി. മലപ്പുറത്തും എറണാകുളത്തും കോട്ടയവും ഇടുക്കിയും വയനാടും കനലൊരു തരി പോലും ബാക്കിയായില്ല. കോഴിക്കോട് ബേപ്പൂരും, പത്തനംതിട്ട കോന്നിയും ഒഴികെ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. അമ്പലപ്പുഴ ഉള്‍പ്പെടേ ആലപ്പുഴയിലെ വിപ്ലവ മണ്ണുകള്‍ ത്രിവര്‍ണ പതാക പുതച്ചു. കൊല്ലത്തും തലസ്ഥാനമായ തിരുവനന്തപുരത്തും യു.ഡി.എഫ് ജൈത്രയാത്ര തുടര്‍ന്നു. തൃശൂരും പാലക്കാടും മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിന് ചെറിയ കടിഞ്ഞാണ്‍ വീണത്. അങ്ങനെ, നൂറ് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയം.
2001ല്‍ അറുപത് സീറ്റുകളാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയതെങ്കില്‍ ഇത്തവണ 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ച് കയറിയത്. രണ്ടാമത്തെ വലിയ ഘടകക്ഷിയായ മുസ്ലിംലീഗ് നേടിയതും 22 സീറ്റെന്ന ചരിത്ര വിജയം. മത്സരിച്ച ഏഴ് സീറ്റുകളില്‍ ആറും ജയിച്ച് കേരള കോണ്‍ഗ്രസ് ജോസഫും, കൊല്ലത്തെ മൂന്ന് സീറ്റുകളിലും വിജയക്കൊടി പാറിച്ച് ആര്‍.എസ്.പിയും യു.ഡി.എഫ് തരംഗത്തിന് ആക്കം കൂട്ടി. അങ്ങനെ, പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. അതിന്‍റെ ആഘോഷത്തിമിര്‍പ്പിലാണ് നാടെങ്ങുമുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍.