കേരളത്തില്‍ കടുത്ത ചൂട് ഇന്നും തുടരും. 38 മുതൽ 40 ഡിഗ്രി സെൽസ്യസ് വരെ താപനില ഉയർന്നേക്കാം. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്. എല്ലാ ജില്ലകളിലും മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചെങ്ങന്നൂരിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പള്ളിപ്പടി പുത്തൻപീടികയിൽ പി.എം. അഷ്റഫിന്റെയും സുനിതയുടെയും മകൻ പി.എ. ആസിഫ് ആണ് മരിച്ചത്. 23 വയസ് ആയിരുന്നു. വൈകിട്ട് ആറു മണിയോടെ പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രലിനു സമീപമുള്ള മെട്രോപ്പൊലിറ്റൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം. ശക്തമായ മഴയ്ക്കിടെയുണ്ടായ മിന്നലിൽ പരുക്കേറ്റ ആസിഫിനെ ഉടൻ തന്നെ മാലക്കരയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായില്‍ ജോലി ചെയ്തിരുന്ന ആസിഫ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മേയ് 15-ന് മടങ്ങാനിരിക്കെയാണ് അപകടം . ഖബറടക്കം ഇന്ന് മുളക്കുഴ മുസ്ലീം ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ഇന്ന് മുതൽ ഉത്തരേന്ത്യയിൽ ചൂട് ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴ പെയ്യും. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഉഷ്ണ തരംഗത്തിന് കുറവുണ്ടാകും. മഴയോടൊപ്പം ജമ്മു കാശ്മീർ, ഹിമാചൽ , ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളിൽ ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്.