ചിത്രം: മനോരമ (ഫയല്‍)

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡ‍െന്റല്‍ കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദലിത്, ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് സമാപിക്കും. അവശ്യ സര്‍വീസുകളെ ഒഴിവാക്കി തീര്‍ത്തും സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കുമെന്നാണ് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുള്ളത്.

ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നിതിന്‍ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക, പത്ത് കോടി രൂപയുടെ അടിയന്തര സഹായം നല്‍കുക, ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കുക, ഡെന്റല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍.

ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. പാൽ, പത്രം, ആശുപത്രികൾ, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഹർത്താലുകളോട് സഹകരിക്കില്ലെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. കേരള ഗാർമെന്റ്സ് ഫെഡറേഷനും വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A 12-hour state-wide hartal has been called by Dalit and Adivasi organizations in Kerala, protesting the delay in arresting the accused in the suicide case of Nitin Raj, a BDS student at Anjarakandy Dental College. The protesters are demanding a murder case against accused teachers, ₹10 crore compensation for the family, and a judiciary-monitored probe. While essential services are exempted and the protest is expected to be peaceful, trade unions like Vyapari Vyavasayi Ekopana Samiti have decided to keep shops open.