നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തിക വഞ്ചനയ്ക്കും ലൈംഗിക ചൂഷണത്തിനും കേസെടുത്തു. ബിസിനസ് പങ്കാളിയായ യുവതി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. 65 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി.

വിദേശത്ത് ബിസിനസ് ചെയ്തിരുന്ന യുവതി, 2024 ഓഗസ്റ്റ് മുതലാണ് ഇൻസ്റ്റാഗ്രാം വഴി ഷിയാസ് കരീമുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ബിസിനസ് പങ്കാളികളാവുകയായിരുന്നു. പുതിയ ജിം ആരംഭിക്കുമ്പോൾ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് ഷിയാസ് 65 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. എന്നാൽ പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം പാലിച്ചില്ല.

തുക തിരികെ ചോദിച്ചപ്പോൾ, യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുമെന്ന് ഷിയാസ് ഭീഷണിപ്പെടുത്തിയതായി പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനസികമായി കടുത്ത പീഡനം നേരിട്ടതിനെത്തുടർന്നാണ് പോലീസിനെ സമീപിച്ചതെന്ന് യുവതി വ്യക്തമാക്കി.

യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് പൊലീസ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. ഷിയാസ് കരീമുമായി നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക മുഖേനയാണ് യുവതി പരാതി നൽകിയത്.

സംഭവത്തിൽ ഷിയാസ് കരീമിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. യുവതിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉയർന്നിട്ടുള്ള ഭീഷണികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. ഷിയാസ് കരീം മുമ്പ് സമാനമായ മറ്റ് വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ളതിനാൽ ഈ പരാതിയെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

ENGLISH SUMMARY:

Financial fraud and sexual exploitation charges have been filed against actor and reality show personality Shiyas Kareem. The Palarivattom police registered the case based on a complaint from a business partner who alleged he cheated her of approximately 65 lakh rupees and threatened to release nude images when she demanded her money back.