സംസ്ഥാനത്ത് പ്രതിദിനം പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വന്‍ വർധന. മൂന്ന് ദിവസത്തിനിടെ പാമ്പ് കടിച്ചത് 54 പേരെയാണ്. 108 ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പോയവരുടെ മാത്രം കണക്കാണിത്. ഇന്നലെ നാലുവയസുള്ള കുട്ടിക്കുള്‍പ്പെടെ 16 പേർക്ക് പാമ്പ് കടിയേറ്റു. 6 പേർ പാമ്പുകടി സംശയത്താൽ ആശുപത്രിയിലെത്തുകയും ചെയ്തു.
26 ന്, 23 പേരെ പാമ്പ് കടിച്ചിരുന്നു. 108 ആംബുലൻസുകളുടെ സേവനം പാമ്പ് കടിയേറ്റവർക്ക് ലഭ്യമായി തുടങ്ങിയ 25നാകട്ടെ 15 പേരാണ് കടിയേറ്റ് ചികിൽസ തേടിയത്. അതേസമയം, സ്വന്തം വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിയവരുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പാമ്പുകടിയേറ്റവരുടെ എണ്ണം ഇതിലും ഉയരും. മാത്രമല്ല വീട്ടിനുള്ളില്‍ നിന്നും വീട്ടുവളപ്പില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും പിടികൂടുന്ന പാമ്പുകളെ പിടികൂടുന്നതും തുടരുകയാണ്.