കാടടച്ച് തിരച്ചില്‍ തുടങ്ങിയതോടെ പിടിവീടുമെന്ന് ഉറപ്പായപ്പോഴാണ് നെടുങ്കണ്ടം ഇരട്ടക്കലക്കേസിലെ പ്രതി സജി കീഴടങ്ങിയത്. തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് പൊലീസുകാരും നാട്ടുകാരും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും സജിയെ കണ്ടെത്താനായിരുന്നില്ല. രാവിലെ മുതൽ ഈ മേഖലയിൽ സജിയുടെ വീടിനു പരിസരത്ത് വലിയ തോതില്‍ തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ തിരഞ്ഞുകൊണ്ടിരുന്ന പറമ്പിന് സമീപത്ത് തന്നെ സജിയുമുണ്ടായിരുന്നു.
ഒടുവില്‍ സജി തന്നെ പുറത്തേക്ക് ഇറങ്ങി വന്ന് സമീപത്തുള്ള കടയിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീയോട് തനിക്ക് തെറ്റുപറ്റിപ്പോയി താൻ കീഴടങ്ങാൻ ഒരുങ്ങുകയാണെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി സജിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് സജിയെ കൊണ്ടുപോയി.
മാതാവിനെയും സഹോദരനെയും കാണാനില്ല എന്ന് കാണിച്ച് മേരികുട്ടിയുടെ മകൾ സിനി നൽകിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുപരിസരത്ത് നിന്ന് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെയാണ് സജി ഒളിവിൽ പോയത്. പിതാവിനെ കാണാതായതിലും സജിയെ സംശയിക്കുന്നുവെന്നും സജി അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും സിനി മനോരമ ന്യൂസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്തിനാണ് ഇയാൾ കൊലപാതകം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർ തമ്മിൽ തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അമ്മയുടെ കാര്യത്തിൽ ഇടപെടാൻ നീ വന്നിട്ടുണ്ടെങ്കിൽ വീട്ടിൽ കയറ്റുകയില്ലെന്നും ഉപദ്രവിക്കുമെന്നും സജി ഭീഷണിപ്പെടുത്തി എന്നും സിനി പറയുന്നു.