കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ എല്‍.ഡി.എഫ് പിടിക്കുന്ന വോട്ടുകളാകും വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ വോട്ട് ഉയര്‍ത്തിയാല്‍ യു.ഡി.എഫിന്‍റെ വിജയസാധ്യതയെയാണ് അത് ബാധിക്കുക. 2021 നേക്കാള്‍ ഇരുപത്തിമൂവായിരം വോട്ടുകളാണ് മണ്ഡലത്തില്‍ ഇത്തവണ അധികമായി പോള്‍ ചെയ്തത്.
ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടുയര്‍ത്തുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ഷാനവാസ് പാദൂരിന്‍റെ സ്ഥനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ഇളക്കമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പുതുതായി ചേര്‍ക്കപ്പെട്ട ഇരുപത്തി മൂവായിരത്തോളം വോട്ടുകളില്‍ കൂടുതലും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടി കരുതുന്നു. എല്‍ഡിഎഫ് വോട്ട് വര്‍ധിപ്പിച്ചാല്‍ അത് യുഡിഎഫിന്‍റെ സാധ്യതകളെയാകും ബാധിക്കുക. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭൂരിപക്ഷം പതിമൂവായയിരത്തിനടുത്തായിരുന്നു. ഇത്തവണ അതില്‍ ഏഴായിരത്തോളം വോട്ടുകള്‍ മറിഞ്ഞാല്‍ ഫലം മറ്റൊന്നാകാം. എന്നാല്‍ പുതുതായി ചേര്‍ക്കപ്പെട്ട വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാകും.
കഴിഞ്ഞ തവണത്തേതിനാക്കാള്‍ ശക്തമായ മത്സരം നടന്നെങ്കിലും വിജയമുറപ്പെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ബിജെപി പ്രധാന എതിരാളിയായതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്നും കരുതുന്നു. എ ക്ലാസ് മണ്ഡലമായ കാസര്‍കോട് ബിജെപിയും വിജയ പ്രതീക്ഷയിലാണ്.