election-commission-polling-officer-vote

പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്ന് കോടതി ചോദിച്ചു. 20,000 പേരുടെ വോട്ടവകാശത്തില്‍ സമൂഹത്തിന്റെ താല്‍പര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരള എന്‍ജിഒ യൂണിയന്‍ ഉള്‍പ്പടെയുള്ള സര്‍വീസ് സംഘടനകളും, ഒരുകൂട്ടം പോളിങ് ഉദ്യോഗസ്ഥരും നല്‍കിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. എന്താണ് സംഭവിച്ചതെന്നും, ഇപ്പോള്‍ നിങ്ങളുടെ നിലപാട് എന്തെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു. നിങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്ത ഇരുപതിനായിരം ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവമേറിയ കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ബന്ധബുദ്ധിയെന്തിനെന്നും നിലപാട് നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കേണ്ടത് കമ്മീഷന്റെ ചുമതലയാണ്. പ്രതിസന്ധി ഉയര്‍ന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടതും കമ്മീഷനാണ്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പ് വരെ പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ അവസരമുണ്ട്. 20,000 പേരുടെ വോട്ടവകാശത്തില്‍ സമൂഹത്തിന്റെ താല്‍പര്യമുണ്ടെന്നും, എന്ത് ചെയ്യാനാകുമെന്നും ജസ്റ്റിസ് കെ.വി. ജയകുമാർ ചോദിച്ചു. 

നിങ്ങളുടെ കണക്ക് പ്രകാരം ഇനി എത്രപേര്‍ വോട്ട് ചെയ്യാനുണ്ടെന്ന കണക്ക് ബോധ്യപ്പെടുത്താനും കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തുവെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. വാദം പൂർത്തിയായതോടെ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.

ENGLISH SUMMARY:

The Kerala High Court has questioned the Election Commission regarding the postal vote crisis for polling officers. The court emphasized the societal interest in the voting rights of 20,000 individuals and criticized the commission's stance.