ശബ്ദങ്ങളുടെ ലോകത്തേക്ക് സ്വന്തം ശബ്ദത്തിൽ ആഞ്ചലോയെ ക്ഷണിച്ച് മമ്മൂട്ടി. ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്‌സൺ-ആൻഷാ ദമ്പതികളുടെ നാല് വയസ്സുകാരനായ മകൻ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതിയാണ് ആഞ്ചലോയ്ക്ക് തുണയായത്.
ഇത്രയും കാലം നിശബ്ദമായിരുന്ന ഒരു കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി. അതുകേട്ട് ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പ്. അവൻ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേൾക്കുകയായിരുന്നു.
ഒരു സാധാരണ കർഷകനായ ജെയ്‌സണ് മകന് കേൾവിശക്തി കിട്ടുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിൽസയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. അവിടെയാണ് മമ്മൂട്ടി മുൻകൈയെടുത്ത് ആരംഭിച്ച പദ്ധതി ആഞ്ചലോയ്ക്കും കരുതലായി മാറിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓൺ നിർവഹിച്ചപ്പോഴാണ് മമ്മൂട്ടി ആഞ്ചലോയെ ഈ ലോകത്തെ മനോഹരമായ ശബ്ദങ്ങളിലേക്ക് വരവേറ്റത്. രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിൻ്റെ നേതൃത്വത്തിലാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മാസങ്ങൾ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെ സംസാരശേഷി വീണ്ടെടുക്കലാണ് അടുത്ത ഘട്ടം.