Untitled design - 1

കോഴിക്കോട് പൂനൂരില്‍ യുവാവിന് പാമ്പുകടിയേറ്റു.  കിടക്കയില്‍ പാമ്പിനെ കണ്ടപ്പോഴാണ്  കടിയേറ്റത് തിരിച്ചറിഞ്ഞത് . പേരാമ്പ്രയിലും യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലിക്കാണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ കടിയേറ്റത് . ഇതിനിടെ കുറ്റ്യാടിയില്‍  5 പാമ്പുകളെ കണ്ടെത്തി

 

പാമ്പുകള്‍ മാളം വിട്ട് പുറത്തിറങ്ങുന്ന ചൂടുകാലത്ത് വീടിനുള്ളില്‍ പോലും ഭയം നിറയുകയാണ്. തൃശൂരിലെയും ചിറയിന്‍കീഴിലേയും സംഭവങ്ങള്‍ നമ്മെ ഭയപ്പെടുത്തുമ്പോള്‍, ജാഗ്രതയാണ് കൈമുതലാകേണ്ടത്. 

 

Also Read: ‘അങ്ങോട്ട് പോവല്ലേ പാമ്പുണ്ട്’; ഇന്ദിരയുടെ സാരിയില്‍ കടിച്ചുവലിച്ച് വളര്‍ത്തുനായ, കേള്‍ക്കാതെ ഇന്ദിര


ആലപ്പുഴ പുറക്കാട് സർക്കാർ ഭൂമി വിഷപ്പാമ്പുകളുടെ താവളമായിരിക്കുകയാണ്. പുറക്കാട് സ്മൃതിവനം പദ്ധതി പ്രദേശമാണ് വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായത്. സമീപത്തെ റോഡിലൂടെ പോകാൻ പോലും കഴിയാതെ ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ.

 

ഔദ്യോഗികമായ വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനംവെച്ചു പിടിപ്പിക്കാനായാണ് 1991 ൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ  നൂറുമേനി നെല്ല് വിളഞ്ഞിരുന്ന 650 ഏക്കർ മണക്കൽ പാട ശേഖരം ഏറ്റെടുത്തത്. പ്രഖ്യാപിച്ച പദ്ധതി നീണ്ട മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പായില്ല. പിന്നീട് വി.എസ് സർക്കാർ ഐടി പാർക്കിനായി ഇവിടെ 100 ഏക്കർ ഭൂമി മണ്ണിട്ട് ഉയർത്തി.എന്നാൽ കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ഈ പദ്ധതിയും കടലാസിലൊതുങ്ങി. പിന്നീട് വന്ന ഓരോ സർക്കാരുംപല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നടപ്പായില്ല. പ്രദേശം കാടുമൂടി വിഷപ്പാമ്പുകളുടെയും ക്ഷുദ്രജീവികളുടെയും ആവാസ കേന്ദ്രമായി.

 

ഏതാനും വർഷങ്ങൾക്കിടെ 6 പേരാണ് ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചത്.കഴിഞ്ഞ ദിവസവും ഒരാൾക്ക് പാമ്പു കടിയേറ്റു. അണലി ,മൂർഖൻ, തുടങ്ങി എല്ലാത്തരം വിഷപ്പാമ്പുകളും പ്രദേശത്തുണ്ട്.

ചിലസമയങ്ങളിൽ പാമ്പുകൾ റോഡിലേക്ക് ഇഴഞ്ഞു വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നു.പകൽ സമയം പോലും ജീവൻ പണയം വെച്ചാണ് നാട്ടുകാർ  സഞ്ചരിക്കുന്നത്.

 

2024 ഒക്ടോബറിൽ  വനം വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗം എന്നിവയുടെ  നേതൃത്വത്തിൽ ജില്ലാ നഴ്സറി തുടങ്ങി. ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ കാഴ്ച വസ്തുവായി നിൽക്കുന്നു. ജില്ലയിൽ എയിംസ് വരുമെന്ന പ്രതീക്ഷ ഉണ്ടായപ്പോൾ  ചൂണ്ടിക്കാട്ടിയ  ഒരു പ്രദേശം ഇതായിരുന്നു. സ്‌മൃതി വനം പ്രദേശത്ത് അനേകം കുടുംബങ്ങൾ കഴിയുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ വിഷപ്പാമ്പുകളുടെ ഭീതി ഒഴിവായേനെ എന്ന് നാട്ടുകാർ പറയുന്നു

ENGLISH SUMMARY:

Snake bites are a growing concern in Kerala, with recent incidents in Kozhikode and Thrissur highlighting the danger. Residents in areas like Purakkad are living in fear due to the increasing presence of venomous snakes.