പൂരപ്പൊലിമയില്‍ തൃശൂരിന്‍റെ മനസ് നിറഞ്ഞു. ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ പൂരപ്പുലരിയെ സമ്പുഷ്ടമാക്കി. വെളുപ്പിന് നാലേമുക്കാലിനുതന്നെ കണിമംഗലം ശാസ്താവ് ആദ്യം പുറപ്പെട്ടു. മഞ്ഞും വെയിലും കൊള്ളാതെ ശാസ്താവിന്‍റെ വരവ്.
ഒന്‍പതാനകളുടെ പ്രൗഢിയിലായിരുന്നു ദേശക്കാര്‍. നൈതലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുരം വഴി ശാസ്താവ് അകത്തേയ്ക്കു പ്രവേശിച്ചു. കാരമുക്കും ചൂരക്കോട്ടുക്കാവും ലാലൂരും ചെമ്പൂക്കാവും പൂരപ്പുറപ്പാടുമായി വടക്കുന്നാഥന്‍റെ സന്നിധിയില്‍ എത്തി. മേളങ്ങളുടെ പെരുക്കത്തില്‍ തൃശൂരിന് ഒരേതാളമായിരുന്നു. ഒന്നിനു പുറകെ ഒന്നായി പൂരങ്ങള്‍ ശ്രീമൂലസ്ഥാനത്ത് ക്യൂ പാലിച്ചു. കാഴ്ചകളില്‍ മനംനിറച്ച് ദേശക്കാരും. എട്ടു ഭഗവതിമാരും രണ്ടു ശാസ്താവും വടക്കുന്നാഥന്‍റെ സന്നിധിയിലേയ്ക്കുള്ള യാത്ര പുറപ്പെട്ടപ്പോള്‍ ഇടവഴികള്‍ പൂരപ്പാതയായി മാറി. കരിവീരന്‍മാരുടെ പുറത്ത് ആലവട്ടവും വെണ്‍ചാമരവും വര്‍ണക്കുടകളും. സ്വര്‍ണ തലേക്കെട്ടില്‍ വെട്ടിത്തിളങ്ങിയ ഗജകേസരികളില്‍ നിന്ന് തൃശൂര്‍ കണ്ണെടുത്തില്ല. കണ്‍നിറയെ കണ്ട്, കൈനിറയെ താളം പിടിച്ച്, ചൂടിനെ തോല്‍പിച്ച് പൂരപറമ്പ് തലയെടുപ്പോടെ നിന്ന ദിവസം. ഒരുപൂരം കൂടി കണ്ടതിന്‍റെ നിറവുണ്ടായിരുന്നു ഓരോരുത്തരുടേയും മുഖത്ത്.
വെടിക്കെട്ട് ദുരന്തത്തിന്‍റെ വിഷമം ഉള്ളിലൊതുക്കി ആചാര സംരക്ഷണത്തിനായി ദേശക്കാരെത്തി. പൂരം കളറാക്കാന്‍ ശ്രമിച്ച ഒരു കൂട്ടം മനുഷ്യരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചായിരുന്നു പൂരപ്രേമികളുടെ വരവും പോക്കും.