തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വീണ്ടും നെയ്യാർ ഡാമിനെ ആശ്രയിക്കേണ്ടി വരുമോ. അരുവിക്കര ഡാമിലേക്ക് കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാൽ നെയ്യാറിലെ വെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായേക്കും. മഴയൊട്ടും പെയ്യാത്ത സാഹചര്യത്തിൽ 2017 ൽ നെയ്യാർ ഡാമിൽ നിന്നും പ്രത്യേക പൈപ്പ് സ്ഥാപിച്ച് കരമനയാറ്റിലൂടെ അരുവിക്കരയിലക്ക് വെള്ളമെത്തിച്ച സമാന സാധ്യത ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.ഇറ്റിറ്റു വീഴുന്ന തുള്ളിക്ക് പോലും ഉള്ളുകുളിർപ്പിക്കാൻ കഴിയുന്ന കാലം. വരണ്ട മണ്ണിൽ വസന്തം തീർക്കാൻ മഴയുടെ വരവ് തേടി ഒരു നാടാകെ കാത്തിരിക്കുന്ന നേരം. ജീവവായുവിന് സമാനമായ കുടിവെള്ളവും കിട്ടാക്കനിയാവുമോ എന്ന ആശങ്ക. പേപ്പാറ വരണ്ടതിനാൽ തലസ്ഥാന നഗരിയിലുള്ളവർക്കും കുടിവെള്ള ലഭ്യത പ്രതിസന്ധിയിലാകുമോ എന്ന സംശയം ബലമൊരുക്കും. പേപ്പാറയിലെ ജലനിരപ്പ് കാര്യമായി താഴ്ന്നു. രണ്ടാഴ്ച കഴിഞ്ഞാൽ ഇവിടെ നിന്നുള്ള വെള്ളം അരുവിക്കര ഡാമിലേക്ക് എത്തിക്കാൻ കഴിയാത്ത സ്ഥിതിയെത്തും. അങ്ങനെയായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ അധിവസിക്കുന്ന തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങും. ബദൽ എന്തെന്ന് 2017 ൽ ചിന്തിച്ച് പരീക്ഷിച്ച് നടപ്പാക്കിയതാണ്. നെയ്യാർ ഡാമിൽ നിന്നും അരുവിക്കരയിലേക്ക് വെള്ളമെത്തിക്കണം.
കാപ്പുകാട് നിന്നും മുണ്ടട്ടൂർ കാര്യോട് കുമ്പിൾമൂട് തോട് വഴി കരമനയാറിലെ അണിയില കടവിലേക്കും അവിടെ നിന്നും കരമനയാറിലൂടെ അരുവിക്കര ഡാമിലേക്കും വെള്ളമെത്തിക്കും. അങ്ങനെ തലസ്ഥാന നഗരിയിലുള്ളവരുടെ കുടിവെള്ളം മുട്ടാതെ നോക്കും. നെയ്യാറിനെ ആശ്രയിക്കുന്നവർക്കും പ്രതിസന്ധിയുണ്ടാവുമെങ്കിലും കുടിവെള്ളമല്ലേ കരുതൽ നല്ലതെന്ന് നാട്ടുകാർ.
ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി. താൽക്കാലിക പൈപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ച് ജലവിതരണം നടപ്പാക്കാനുള്ള ശ്രമമാണ്. പൈപ്പ് സ്ഥാപിച്ചാലും നെയ്യാറിലെ കോട്ടൂർ ഭാഗത്ത് നിന്നും തോട്ടിലേക്ക് വെള്ളമൊഴുക്കാനുള്ള ഇടവും ജല സമൃദ്ധമാവണം. അതിനുള്ള വഴി എളുപ്പമല്ല.