തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് സമീപത്ത് നിന്നും ശിരസും കൂടുതല്‍ ശരീര ഭാഗങ്ങളും കണ്ടെടുത്തു. കെഡാവര്‍ നായയുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വെടിക്കെട്ട് പുരയുടെ നാനൂറു മീറ്റര്‍ അകലെ പറമ്പില്‍ നിന്നാണ് തല കണ്ടെടുത്തത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ശരീരം  ചിന്നഭിന്നമായതാകാമെന്നാണ്  പൊലീസ് വിലയിരുത്തല്‍.

ശരീര ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള മുണ്ടത്തിക്കോട് സെന്‍ററില്‍ വരെ കൊണ്ടിട്ടു. കാക്കകളും ശരീരാവശിഷ്ടങ്ങള്‍ വീട്ടുമുറ്റത്തും പറമ്പുകളിലും തള്ളുന്നുണ്ട്. കെഡാവര്‍ നായയുടെ സഹായത്തോടെ നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നും പരിശോധന നടത്തി. 

അപകട സ്ഥലം വളഞ്ഞുള്ള പൊലീസ് ബന്തവസ് തുടരുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പും മൊഴിയെടുക്കലും ഇനി നടത്തേണ്ടതുണ്ട്. കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശനടക്കം ചികില്‍സയിലുള്ള നാലുപേരുടെയും ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെയാണ്.

പത്തു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥീരികരിച്ചത്. നാലു പേരെ കാണാനില്ല. കാണാതായവര്‍ അപകടത്തില്‍ മരണപ്പെട്ടെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഡിഎന്‍എ പരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ ഈ നാലുപേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതുവരെ ലഭിച്ച എഴുപതോളം ശരീര അവശിഷ്ടങ്ങളുടെ പരിശോധന ഫലം നാളെ വൈകിട്ടു മുതല്‍ വന്നു തുടങ്ങും. 

ENGLISH SUMMARY:

Forensic teams and police recovered more body parts, including a skull, from 400 meters away from the Mundathikkode blast site using cadaver dogs. The explosion's impact was so massive that remains were found as far as one kilometer away. While 10 deaths are officially confirmed, four individuals remain missing and are presumed dead. The DNA test results for nearly 70 recovered body parts are expected by tomorrow evening. Meanwhile, four survivors, including contractor Mundathikkode Satheesan, remain in critical condition as the judicial probe continues.