തൃശൂർ മുണ്ടത്തിക്കോട് ഇന്നത്തെ പരിശോധനയില്‍ സ്ഫോടക സ്ഥലത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ പാടശേഖരത്തിൽ നിന്ന് പുരുഷന്റെ തല കണ്ടെത്തി. കഡാവർ നായ മർഫിയേ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. 

 

വെടിമരുന്ന് ദുരന്തഭൂമിയില്‍ നിന്ന് മുന്നൂറ് കിലോയിലധികം സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്തു. പതിനാലില്‍ അധികം ശരീരഭാഗങ്ങൾ ഇന്നത്തെ പരിരോധനയിൽ കണ്ടെത്തി. നാലുപേരെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമല്ല. വാർഡിൽ ചികിൽസയിലുളളവരെ നാളെ മുതൽ ഡിസ്ചാർജ് ചെയ്യും.

 

Also Read: മകനെ അവസാനമായി കാണാനായില്ല; വെടിക്കെട്ട് ദുരന്തത്തില്‍ കാണാതായ ഗിരിയുടെ അമ്മ അന്തരിച്ചു

 

വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്തും സമീപത്തെ പാടശേഖരത്തിലും പൊലീസും അഗ്നിരക്ഷാസേനയും എക്സ്പ്ലോസീവ് വിഭാഗവും വിപുലമായ തിരച്ചിൽ നടത്തി. 3 കഡാവർ നായകളും സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ ശേഷിയുള്ള 2 നായകളും തിരച്ചിലിന്റെ ഭാഗമായി. 165 പൊലീസുകാർ അവസാനഘട്ടത്തിൽ കൂട്ടത്തോടെ തിരച്ചിൽ നടത്തി. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. കൂടുതൽ ശരീരഭാഗങ്ങളും വെടിക്കെട്ട് വസ്തുക്കളും കണ്ടെത്തി. സ്ഫോടക വസ്‌തുക്കൾ നീർവീര്യമാക്കാൻ കൊണ്ടുപോയി. കാണാതായ 4 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്യും. അപകടകാരണം അന്വേഷിച്ചു വരികയാണെന്നും ദൃക്സാക്ഷികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും കമ്മിഷണര്‍ പ്രതികരിച്ചു

 

പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴുള്ള അവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലായിരുന്നു മനുഷ്യശരീര ഭാഗങ്ങളെന്ന് തൃശൂർ മെഡിക്കൽ കോളേജ് ഫൊറൻസ് വിഭാഗം മേധാവി ടി.എസ് ഹിതേഷ്ശങ്കർ പറഞ്ഞു. 10 മൃതദേഹങ്ങൾ ലഭിച്ചു. 9 എണ്ണം തിരിച്ചറിഞ്ഞു. 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഐസിയുവിൽ ചികിൽസയിലുള്ള ഉണ്ണികൃഷ്ണനെയും രാകേഷിനെയും ഡയാലിസിസിന് വിധേയരാക്കി. ഐസിയുവിലുള്ള വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.

ENGLISH SUMMARY:

Mundathicode tragedy unfolds with the discovery of a male head in a paddy field. The search operation continues to locate missing individuals and piece together the details of the devastating explosion.