തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്ത് ഇപ്പോഴും മുന്നൂറ് കിലോയോളം സ്ഫോടക വസ്‌തുവുള്ളതായി കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്. നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലത്തു നിന്നും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. വാർഡിൽ ചികിൽസയിലുളളവരെ നാളെ മുതൽ ഡിസ്ചാർജ് ചെയ്യുമെന്ന ആശ്വാസ വാർത്തയും എത്തി.

വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്തും സമീപത്തെ പാടശേഖരത്തിലത്തിലും പൊലീസും അഗ്നിരക്ഷാസേനയും എക്സ്പ്ലോസീവ് വിഭാഗവും വിപുലമായ തിരച്ചിൽ നടത്തി. 3 കഡാവർ നായകളും സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ ശേഷിയുള്ള 2 നായകളും തിരച്ചിലിൻറെ ഭാഗമായി. 165 പൊലീസുകാർ അവസാനഘട്ടത്തിൽ കൂട്ടത്തോടെ തിരച്ചിൽ നടത്തി. ഡ്രോൺ നിരീക്ഷണവും നടത്തി.  കൂടുതൽ ശരീരഭാഗങ്ങളും വെടിക്കെട്ട് വസ്തുക്കളും കണ്ടെത്തി.

 ശരീരഭാഗങ്ങൾ DNA പരിരോധനയ്ക്ക് കൊണ്ടുപോയി. അപകട സ്ഥലത്ത് അവശേഷിച്ച സ്ഫോടക വസ്തുക്കൾ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം നിർവീര്യമാക്കുമെന്ന് തിരച്ചിൽ നിരീക്ഷിക്കാനെത്തിയ കമ്മിഷണർ പറഞ്ഞു. കാണാതായ 4 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ DNAയുമായി താരതമ്യം ചെയ്യും. അപകടത്തിൻറെ യഥാർഥകാരണം അന്വേഷിച്ചു വരികയാണെന്നും ദൃസാക്ഷികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും കമ്മിഷ്ണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴുള്ള അവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലായിരുന്നു മനുഷ്യശരീര ഭാഗങ്ങളെന്ന് തൃശൂർ മെഡിക്കൽ കോളേജ് ഫൊറൻസ് വിഭാഗം മേധാവി ടി.എസ് ഹിതേഷ്ശങ്കർ പറഞ്ഞു. 10 മൃതദേഹങ്ങൾ ലഭിച്ചു. 9 എണ്ണം തിരിച്ചറിഞ്ഞു. 28 ശരീരഭാഗങ്ങൾ DNA പരിശോധനയ്ക്ക് അയച്ചു. ഐസിയുവിൽ ചികിൽസയിലുള്ള ഉണ്ണികൃഷ്ണനെയും രാകേഷിനെയും ഡയാലിസിസിന് വിധേയരാക്കി. ഐസിയുവിലുള്ള വിഷ്ണുവിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.

ENGLISH SUMMARY:

Thrissur fireworks accident at Mundathikode continues with an estimated 300 kg of explosives remaining at the site. Search operations are ongoing for four missing individuals, with more body parts recovered and sent for DNA analysis.