തൃശൂര്‍ മുണ്ടത്തിക്കോട്  വെടിമരുന്ന്  ദുരന്തത്തില്‍ മരിച്ചവരില്‍ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനുമുണ്ടെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാള ചലച്ചിത്രലോകം കേട്ടത്. ബിജീഷിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ തന്നെയാണ് വേര്‍പാടിന്‍റെ വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ സംവിധായകന്‍ ജൂഡ് ആന്തണിയും ബിജീഷിന് അനുശോചനം രേഖപ്പെടുത്തി. ഇപ്പോളിതാ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി നമിത പ്രമോദും അനന്യയും.

താന്‍ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണെന്നും ബിജീഷിനെപ്പോലെ ഒരാളെ തനിക്ക് നഷ്ടമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും നമിത ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി നീ എന്നെ പൊന്നുപോലെ നോക്കി. നീ വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല, എന്‍റെ കുടുംബത്തിലെ ഒരാളായിരുന്നു. ജോലിസ്ഥലത്ത് ഓരോ ദിവസവും നീ എനിക്ക് സുരക്ഷിതത്വവും സന്തോഷവും നൽകി. ഒരു സഹോദരനെപ്പോലെയായിരുന്നു നീ എനിക്ക്’ നമിതയുടെ കുറിപ്പില്‍ പറയുന്നു.

താന്‍ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനസുള്ള ഒരാളും അത്രയേറെ നിഷ്കളങ്കനായ വ്യക്തിത്വവുമായിരുന്നു ബിജീഷ് എന്നും നമിത കുറിച്ചു. ‘നീ ഇന്ന് കൂടെയില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല. മറ്റാർക്കും ഇല്ലാത്തത്ര സ്നേഹവും ആവേശവുമായിരുന്നു നിനക്ക് തൃശൂര്‍ പൂരത്തോട്. ഇനി നിന്‍റെ അഭാവത്തിൽ ഒരു ഷൂട്ടിങ് സെറ്റിലേക്ക് എങ്ങനെ കയറിച്ചെല്ലുമെന്ന് എനിക്കറിയില്ല. എന്‍റെ ജീവിതത്തിൽ നീ അത്രയേറെ പ്രധാനപ്പെട്ടവനായിരുന്നു. നീ ഞങ്ങൾക്ക് എല്ലാമായിരുന്നു. ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല. ഓരോ ദിവസവും നിന്‍റെ ഓർമ്മകൾ എന്നെ വേട്ടയാടും. ആദരാഞ്ജലികൾ ബിജി’ നമിത കുറിച്ചു.

ബിജീഷിന്‍റെ മരണവാര്‍ത്ത കേട്ടപ്പോള്‍ സ്തംഭിച്ചുപോയെന്നും കഴിഞ്ഞ 13 വര്‍ഷമായി ബിജീഷ് തന്‍റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി കൂടെയുണ്ടായിരുന്നുവെന്നും നടി അനന്യയും കുറിച്ചു. ഒരു സഹോദര തുല്യനായി, സുരക്ഷിതത്വ ബോധം നല്‍കി ബിജീഷ് കൂടെനിന്നുവെന്നും വലിയ നഷ്ടമാണ് ബിജീഷിന്‍റെ വിയോഗം ഉണ്ടാക്കിയതെന്നും നടി അനന്യ കുറിച്ചു. ‘നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം’ എന്ന് കുറിച്ചാണ് അനന്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിസ്മയ മോഹൻലാൽ നായികയാകുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു. സിനിമാ മേക്കപ്പ് ആർട്ടിസ്റ്റും സെലിബ്രിറ്റി– ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും കൂടിയായിരുന്നു ബിജീഷ്. കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്‍റെ പടക്കനിര്‍മാണത്തിനും ബിജീഷുണ്ടായിരുന്നു. അന്ന് പടക്കനിര്‍മാണത്തിനുണ്ടായിരുന്നവരെല്ലാം ചേര്‍ന്നെടുത്ത ചിത്രവും ബിജീഷ് പങ്കുവച്ചിട്ടുണ്ടായിരുന്നു.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച ദുരന്തത്തില്‍ കാണാതായ നാലുപേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചതോടെ 10 മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 32 ശരീരഭാഗങ്ങളും ഒരു പൂര്‍ണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎന്‍എ പരിശോധനാ നടപടികള്‍ തുടരുന്നു. 12പേര്‍ ചികില്‍സയിലാണ്.

ENGLISH SUMMARY:

Renowned film makeup artist Bijeesh Balan lost his life in the tragic Mundathikkode fireworks explosion. Actresses Namitha Pramod and Ananya shared emotional tributes, remembering him as a brother and family member who worked with them for years. Bijeesh was a member of FEFKA and was currently working on Vismaya Mohanlal’s debut film 'Thudakkam'. A passionate Thrissur Pooram enthusiast, he was actively involved in the firework manufacturing for the Thiruvambady section when the accident occurred. The film industry is in deep shock over the loss of this talented and beloved celebrity makeup artist.