മുണ്ടത്തിക്കോടെ വെടിക്കെട്ട് അപകട സ്ഥലത്ത് നിന്നും കണ്ടെത്തിയ 28 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചുവെന്ന് ഫൊറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഹിതേഷ് ശങ്കര്‍. ഒരു ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. 30 ശരീരഭാഗങ്ങള്‍ ഡിഎന്‍എ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ട് ദിവസത്തിനകം ഫലം ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്നതിന് സമാനമായിരുന്നു മൃതദേഹ അവശിഷ്ടങ്ങളെന്നും അവശിഷ്ടങ്ങളില്‍ രണ്ടുപേരുടെ ശരീരമുണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന തരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊള്ളലേറ്റതിനപ്പുറം സ്ഫോടനമാണ് ആളുകളുടെ മരണത്തിന് കാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാലുപേരില്‍ കൂടുതല്‍ കാണാതായിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഡിഎന്‍എ യൂണിറ്റ് തൃശൂരില്‍ നിന്നും എത്തിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ഇനിയും 300 കിലോയോളം സ്ഫോടകവസ്തുക്കളുണ്ടെന്ന് തൃശൂര്‍ കമ്മിഷണര്‍ നകുല്‍ ദേശ്മുഖ്. ഇന്ന് തന്നെ ഇവ നിര്‍വീര്യമാക്കും. അപകടകാരണം കൃത്യമായി കണ്ടെത്തിയിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.