ഏപ്രില്‍ 21 ചൊവ്വാഴ്ച വൈകുന്നേരമാണ് തൃശൂര്‍ മുണ്ടത്തിക്കോട് നിര്‍മാണത്തിനിടെ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് ദുരന്തമുണ്ടാകുന്നത്. അന്ന് ആ വെടിക്കെട്ടുപുരയില്‍ സഹായിയായി ചെന്നതായിരുന്നു ഗിരി. ദുരന്തമുണ്ടായതിന് ശേഷം ഗിരിയെ ആരും കണ്ടിട്ടില്ല. ദുരന്തത്തിന്‍റെ തലേദിവസമാണ് ചികില്‍സയിലായിരുന്ന ഗിരിയുടെ അമ്മ ആശുപത്രി വിട്ട് വീട്ടിലെത്തുന്നത്. ഗിരി അപകടത്തില്‍പ്പെട്ട വിവരം അമ്മയെ അറിയിച്ചിരുന്നില്ല. എങ്കിലും ഓര്‍മ്മ വരുമ്പോളെല്ലാം ആ അമ്മ ചോദിക്കുമായികുന്നു ഗിരി എവിടെ എന്ന്. ഒടുവില്‍ ആ ചോദ്യവും അവസാനിപ്പിച്ച് പൊന്നുമോനെ ഒരുനോക്കു കാണാനാകാതെ ആ അമ്മയും യാത്രയായി.
പരേതനായ മോഹനന്‍റെ ഭാര്യ ഗൗരി (74) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഗൗരി. ഗിരിയും സഹോദരന്‍ ഹരിയുമാണ് അമ്മയെ നോക്കാൻ വേണ്ടി എപ്പോഴും ഉണ്ടായിരുന്നത്. ഗിരിയെ അപകടത്തിൽ കാണാതായി എന്നുള്ള ദുരന്തവാര്‍ത്ത താങ്ങാനാകാതെ നില്‍ക്കുന്ന കുടുംബത്തിന്‍റെ വേദന ഇരട്ടിയാക്കിയാണ്. മകനെ അവസാനമായി ഒരു നോക്കു കാണാതെയുള്ള ഗൗരിയുടെ വിയോഗവും. ഗൗരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗവും കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റുമായിരുന്നു ഗിരി. ജോലി എന്നതിലുപരി പൂരത്തിന്‍റെ ആവേശവും തിരുവമ്പാടി ദേശത്തെ ഒരാൾ എന്ന നിലയിലുമാണ് ഗിരി വെടിക്കെട്ട് പുരയില്‍ സഹായിയായി പോകുന്നത്. വെടിക്കെട്ട് പുരയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്ന ഗിരി ദുരന്തസമയത്തും അവിടെ ഉണ്ടായിരുന്നു. ദുരന്തത്തില്‍ കാണാതായ ഗിരി അടക്കമുള്ള നാലുപേര്‍ക്കായി തിരച്ചില്‍ ഇന്നും തുടരുകയാണ്.
അതേസമയം, വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നത്തെ പരിശോധന പുരോഗമിക്കുകയാണ്. പ്രത്യേക പരിശീലനം നേടിയ നായ്ക്കളെയടക്കം ഉപയോഗിച്ചാണ് പരിശോധന. സംഘത്തില്‍ അഗ്നിരക്ഷാസംഘവും എക്സ്പ്ലോസീവ് വിഭാഗവും ഉണ്ട്. നടത്തിപ്പിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. ദേവസ്വം മന്ത്രി വി.എൻ.വാസവൻ വിളിച്ച ദേവസ്വങ്ങളുടെ യോഗം അല്‍പ്പസമയത്തിനകം തൃശൂര്‍ കലക്ടറേറ്റിൽ നടക്കും.