തൃശൂര്‍പൂരത്തിന് വെടിക്കെട്ട് ഉപേക്ഷിക്കരുതെന്ന് പാറമേക്കാവ് ദേവസ്വം. സാംപിള്‍ വെടിക്കെട്ട് വേണ്ടെന്ന് വയ്ക്കാമെന്നും മറ്റ് രണ്ട് വെടിക്കെട്ടും വേണമെന്നും ദേവസ്വം സെക്രട്ടറി ജി.രാജേഷ് മനോരമന്യൂസിനോട് പറഞ്ഞു. പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരനെതിരെ കേസെടുത്തത് റദ്ദാക്കണമെന്നും പൂരം ആചാരപ്രകാരം എല്ലാ ആഘോഷത്തോടെയും നടത്തണമെന്നാണ് ദേശക്കാരുടെ ആഗ്രഹമെന്നും അദ്ദേഹം വിശദീകരിച്ചു. പൂരം ഒഴിവാക്കണമെന്ന് വരെ സമ്മര്‍ദം ഉയരുന്നുവെന്നും ഇത് പൂരം തകര്‍ക്കലിന്‍റെ ഭാഗമാണോയെന്ന ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇന്നലെ ഒരു കാരണവുമില്ലാതെയാണ് പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരനെതിരെ കേസെടുത്തത്. അതിന്‍റെ പിന്നില്‍ വേട്ടയാടലുണ്ടോയെന്ന് സംശയമുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ഇത് പൂരം തകര്‍ക്കലിന്‍റെ ഭാഗമാണോ? ചില ഭാഗങ്ങളില്‍ നിന്ന് പൂരം നടത്തരുതെന്ന് സമ്മര്‍ദമേറിത്തുടങ്ങി. ആ വികാരം എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ ഇതൊക്കെ കൊണ്ടാവാം ഇന്നലത്തെ യോഗത്തില്‍ വെടിക്കെട്ടടക്കം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. അപ്പോള്‍ സാംപിള്‍ വെടിക്കെട്ട് ഒഴിവാക്കാം, പക്ഷേ ബാക്കിയെല്ലാം ആര്‍ഭാടമായി നടത്തണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്താം. അതല്ലാതെ ഒന്നും പാടില്ലെന്ന തീരുമാനത്തോട് ദേശക്കാര്‍ക്ക് യോജിപ്പില്ല'-അദ്ദേഹം വിശദീകരിച്ചു. വെടിക്കെട്ട് കരാറുകാരനെതിരെ കേസെടുത്തത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂരിലെ പൂരം ആസ്വദകര്‍ക്ക് എല്ലാം നടത്തണമെന്നാണ് വികാരം. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ജി.രാജേഷ് വ്യക്തമാക്കി.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നത്തെ പരിശോധന പുരോഗമിക്കുകയാണ്. പ്രത്യേക പരിശീലനം നേടിയ നായ്ക്കളെയടക്കം ഉപയോഗിച്ചാണ് പരിശോധന. സംഘത്തില്‍ അഗ്നിരക്ഷാസംഘവും എക്സ്പ്ലോസീവ് വിഭാഗവും ഉണ്ട്. നടത്തിപ്പിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. ദേവസ്വം മന്ത്രി വി.എൻ.വാസവൻ വിളിച്ച ദേവസ്വങ്ങളുടെ യോഗം അല്‍പ്പസമയത്തിനകം തൃശൂര്‍ കലക്ടറേറ്റിൽ നടക്കും.