അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം ചതുപ്പിൽ വീണ് മരിച്ച ജംഗിൾ പാർക്കിന്‍റെ ലൈസൻസിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും. പാർക്കിന്‍റെ പ്രവർത്തനത്തിന് ലൈസൻസ് ആവശ്യമില്ലെന്ന് ഉടമകളോട് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞെന്ന് പ്രസിഡന്‍റ് ജിൻസി അജി ആരോപിച്ചു. എന്നാൽ ഓപ്പൺ ജിമ്മും വിശ്രമകേന്ദ്രവും തുടങ്ങാനാണ് ഉടമകൾ സമീപിച്ചതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.

ചൊവ്വാഴ്ച്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോൺ' പ്രീ സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം പാർക്കിലെത്തിയ അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം ചതുപ്പിൽ വീണു മരിക്കുന്നത്. തുടർന്ന് ജംഗിൾ പാർക്കിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. പരിശോധനയിൽ പാർക്കിന് ലൈസൻസ് ഇല്ലെന്ന വ്യക്തമായി. എന്നാൽ ഉടമകൾ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകിയില്ലെന്നാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് ജിൻസി അജിയുടെ ആരോപണം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലും ലൈസൻസ് വേണ്ടെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചതെന്നു ജിൻസി അജി ചൂണ്ടിക്കാട്ടി. 

എന്നാൽ, ഓപ്പൺ ജിമ്മും വിശ്രമകേന്ദ്രവും തുടങ്ങാനാണെന്ന് പറഞ്ഞാണ് ഉടമകൾ തന്നെ സമീപിച്ചതെന്ന് സെക്രട്ടറി ടി.അജി വിശദീകരിച്ചു. ഇത്തരം സംരംഭങ്ങൾക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്തതിനാലാണ് വിവരാവകാശ അപേക്ഷയ്ക്ക് അങ്ങനെ മറുപടി നൽകിയതെന്നും സെക്രട്ടറി പറഞ്ഞു. 

ലൈസൻസില്ലാതെ, ആളുകളിൽ നിന്ന് പ്രവേശന ഫീസ് വാങ്ങി പാർക്ക് പ്രവർത്തിപ്പിച്ചതിന് മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം.

ENGLISH SUMMARY:

Kizhakkambalam Jungle Park is under scrutiny following the tragic death of a five-year-old boy, Muhammad Adam, who fell into a marsh. A dispute has erupted between the Kizhakkambalam Panchayat President and Secretary regarding the park's operational license, with accusations flying about the licensing process.