കിഴക്കമ്പലം മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി. ആലുവ റൂറല്‍ എസ്.പി. സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒഴിപ്പിക്കല്‍ തടയുമെന്ന് സി.പി.എം വ്യക്തമാക്കി. അതേസമയം, കൂടിയൊഴിപ്പിക്കലിനിടെയുണ്ടായ പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടെയെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.

കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പര്യത്തുകാവ് ഉന്നതിയിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള  ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സുപ്രീംകോടതി ഉത്തരവനുസരിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. കോടതി ഉത്തരവ് നടപ്പാക്കാനാണ് അഭിഭാഷക കമ്മിഷന്‍ എത്തിയത്. കമ്മീഷന് സംരക്ഷണം നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പ്രതിഷേധവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ ബലംപ്രയോഗിച്ച് നീക്കാനുള്ള സമരക്കാര്‍ ശ്രമംചെറുത്തു. പൊലീസും നാട്ടുകാരും തമ്മിലുണ്ടായ പിടിവലിയില്‍ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റിരുന്നു. 

60 വർഷത്തോളം നീണ്ട ഭൂമി തർക്കമാണ് കുടിയൊഴിപ്പിക്കലിലേക്കും പൊലീസ് സംഘർഷത്തിലേക്കും എത്തിയത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമി തർക്ക കേസിൽ 4 വർഷം മുമ്പ് ഇയാൾക്ക് അനുകൂലമായി സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ആകെയുള്ള 19.30 ഏക്കർ പുറമ്പോക്കു ഭൂമിയിൽ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ഭൂമി ഒഴിപ്പിച്ച ശേഷം അളന്നു തിരിക്കാനായിരുന്നു കോടതി നിർദേശം എന്നാണ് അഭിഭാഷക കമ്മിഷൻ പറയുന്നത്.

ENGLISH SUMMARY:

Eviction at Malayitathuruth, Kizhakambalam, where the Perumbavoor Munsif Court has ordered the completion of the eviction by Saturday. The court also directed the Aluva Rural SP to provide security for the operation.