ട്വന്റി 20യുടെ എൻ.ഡി.എ പ്രവേശം സാബു എം.ജേക്കബ് ഒറ്റക്കൊടുത്തതെന്ന് ആക്ഷേപം. മുന്നണി പ്രവേശത്തെക്കുറിച്ച് അറിയില്ലെന്നു പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരസ്യപ്രഖ്യാപനം നടത്തിയില്ലെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ടിക്കറ്റിൽ മത്സരിച്ച് ജയിച്ച മെമ്പർമാരിൽ ഒരുവിഭാഗവും അതൃപ്തിയിലാണ്.
എറണാകുളം വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ യുഡിഎഫ് ഭരിക്കുന്നത് രണ്ട് ട്വന്റി 20 അംഗങ്ങളുടെ പിന്തുണയിലാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആർക്കൊപ്പം എന്നത് ഇവർ വ്യക്തമാക്കിയിട്ടില്ല. മീറ്റിങ്ങിന് ശേഷം തീരുമാനം എന്നാണ് ഇവരുടെ നിലപാട് . കോൺഗ്രസ്, സിപിഎം എന്നിവരോടുള്ള എതിർപ്പ് പോലെ എൻഡിഎ ആശയങ്ങളോടും എതിർപ്പുള്ളവർ ട്വന്റി 20യിൽ ഉണ്ട്. ആരും അറിയാതെ എടുത്ത തീരുമാനത്തിൽ അവർക്കും അനിഷ്ടമുണ്ട്. ഇവർ സംഘടന വിട്ടേക്കും എന്നാണ് സൂചന.
ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പാർട്ടി വിട്ടത് ഈ അടുത്താണ്. എൻഡിഎ ആശയങ്ങളോട് വിയോജിപ്പുള്ളവരെ അടർത്തിയെടുക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നുമുണ്ട്. ഇതുവരെ കിഴക്കമ്പലം പാർട്ടിയോട് അടുത്തുനിന്ന മുസ്‍ലിം സമുദായത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗവും ട്വന്റി 20 യോട് ടാറ്റാ പറഞ്ഞേക്കും. ഒരു കമ്പനിപോലെ കൊണ്ടുപോയ സംഘടനയിൽ വിമതസ്വരം ഉയരുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകും.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവരുടെ ചിഹ്നം പോലും മാറ്റിവച്ച് വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്‍റി 20 യെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ട്വന്‍റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബ്ബ് പറഞ്ഞു. അങ്ങനെ വിട്ടുകൊടുക്കാന്‍ തയാറല്ല. ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.