Thrissur: Firefighters douse a blaze after a fire broke out at a fireworks manufacturing unit at Mundathikode village, in Thrissur district, Tuesday, April 21, 2026. (PTI Photo)(PTI04_21_2026_000375B)
തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്‍റെ സാംപിള്‍ വെടിക്കെട്ട് ഒഴിവാക്കിയേക്കും. പൂരം എഴുന്നള്ളിപ്പുകള്‍ പതിവുപോലെ നടത്തിയേക്കുമെന്നും സൂചന. പൂരത്തിന്‍റെ നടത്തിപ്പില്‍ ദേവസ്വങ്ങള്‍ ഇന്ന് തീരുമാനം കൈക്കൊള്ളും. ദേശക്കാരുടെ വികാരം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം ഉണ്ടാവുക. വെടിക്കെട്ടില്‍ മാത്രമാണ് നിലവില്‍ അനിശ്ചിതാവസ്ഥയുള്ളത്. തിരുവമ്പാടിക്ക് ഇനി വെടിക്കെട്ട് സാമഗ്രികള്‍ ഇല്ല. പാറമേക്കാവിന്‍റെ വെടിക്കെട്ട് സാമഗ്രികള്‍ പാലക്കാട് ഒരുങ്ങി. ഇത് പൊട്ടിച്ചു തീര്‍ക്കാതെ നിവൃത്തിയില്ലെന്നതും പരിഗണിക്കും. സര്‍ക്കാര്‍ തീരുമാനവും നിര്‍ണായകമാകും.
13പേര്‍ക്കാണ് ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ 14 പേര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കരാറുകാരന്‍ സതീശന്‍ അടക്കം അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്, 10 പേര്‍ ഐസിയുവിലാണ്. മരിച്ച ഒന്‍പതുപേരെ തിരിച്ചറിഞ്ഞു. അഞ്ചുപേരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുനല്‍കി. 23 മൃതദേഹ അവശിഷ്ടങ്ങളാണ് കിട്ടിയത്. 11 അവശിഷ്ടങ്ങളുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, തൃശൂരിലെ അപകടം പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള പൊലീസ് അല്ലാതെ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണോ എന്ന് സര്‍ക്കാരുമായി ആലോചിക്കും. മരിച്ചവരുടെ കുടുംബത്തിനായും പരുക്കേറ്റവര്‍ക്കുമായി എല്ലാവരും ഒന്നിക്കണമെന്നും പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.
മുണ്ടത്തിക്കോട് ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. രണ്ടരയേക്കര്‍ സ്ഥലത്തെ അഞ്ച് വെടിക്കെട്ടുപുരകളാണ് കത്തിനശിച്ചത്. മൂന്ന് മണിക്കൂറിലേറെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു. സ്ഥലത്ത് നാല്‍പത് തൊഴിലാളികളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്.